വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

മുളന്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈന്‍ (28) നെയാണു മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: അരയന്‍കാവ് സ്വദേശിനിയായ യുവതിയെ ട്രെയിനില്‍വച്ചാണു മുഹമ്മദ് അജ്മല്‍ പരിചയപ്പെടുന്നത്. മസൂറിയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഐ.എ.എസ് ട്രെയിനി എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. യുവതിയുടെ വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ പ്രതി പഠനാവശ്യത്തിലേക്ക് എന്നു പറഞ്ഞ് പല തവണകളായി 30 ലക്ഷം രൂപ ചോദിച്ച് വാങ്ങുകയായിരുന്നു. യുവതിയുടെ പിതാവിന്റെ അക്കൗണ്ടില്‍നിന്നുമാണ് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത്.

തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടെങ്കിലും കൊടുക്കാതെ വന്നപ്പോള്‍ യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. വിവാഹിതനായിരുന്ന മുഹമ്മദ് അജ്മല്‍ ഹുസൈന്‍ അത് മറച്ചുവച്ചു. തുടര്‍ന്ന് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമസിച്ചുവരികയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപകരിച്ച പ്രത്യേക അന്വേഷണസംഘം ഹൈദരാബാദില്‍നിന്നുമാണു പ്രതിയെ പിടികൂടിയത്.
പുത്തന്‍കുരിശ് ഡി.വൈ.എസ്.പി. ടി.ബി.വിജയന്റെ മേല്‍നോട്ടത്തില്‍ കേസിന്റെ അന്വേഷണചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജു, എസ്.ഐ എസ്.എന്‍.സുമിത, എസ്.സി.പി.ഒ അനില്‍കുമാര്‍, സി.പി.ഒ രാകേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Share
അഭിപ്രായം എഴുതാം