ഇടമലക്കുടിയിലെ ശൈശവ വിവാഹം: 47കാരനായ വരനെതിരെ പോക്സോ കുറ്റം ചുമത്തി

ഇടുക്കി: ഇടമലകുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. മൂന്നാര്‍ പോലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയെ സിഡബ്ലിയുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി. 47 വയസുള്ള വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ വ്യക്തിയാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം വൻ വിവാദമായി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ പതിവു പോലും ചെയ്യാത്ത സാഹചര്യങ്ങളുണ്ട്.

ഇടമലക്കുടിയിൽ നടന്ന വിവാഹവും ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്.  പോലീസ് നിരീക്ഷണവും വനം വകുപ്പിന്റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്റെ മേൽനോട്ടവുമുള്ള മേഖലയാണിത്. വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Share
അഭിപ്രായം എഴുതാം