വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

10 സെന്റിലെങ്കിലും കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം

കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാകൃഷിയിലൂടെ (പ്രിസിഷന്‍ ഫാമിങ്) നടപ്പിലാക്കുന്നതിന് 55 ശതമാനം വരെ സബ്‌സിഡിയോടെ കൃഷി വകുപ്പിന്റെ പദ്ധതി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന പദ്ധതിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ജില്ലയില്‍ കൃത്യത കൃഷി ( പ്രിസിഷന്‍ ഫാമിങ് ) നടപ്പിലാക്കുന്നത്. ഈ വര്‍ഷം 10 ഹെക്ടറില്‍ നേന്ത്രവാഴകൃഷിയും 30 ഹെക്ടറില്‍ പച്ചക്കറികൃഷിയും കൃഷി ചെയ്യുന്നതിനാണ് ജില്ലയില്‍ ആനുകൂല്യം നല്‍കുന്നത്.

നേന്ത്രവാഴ കൃഷിക്ക് ഒരു കര്‍ഷകന് 4 ഹെക്ടര്‍ വരെയും പച്ചക്കറി കൃഷിക്ക് ഒരു കര്‍ഷകന് 2 ഹെക്ടര്‍ വരെയുമാണ് ആനുകൂല്യം ലഭിക്കുന്നത്. നേന്ത്രവാഴകൃഷിക്ക് ഹെക്ടറിന് 96,000 രൂപ അനുവദിക്കും. കൃഷി ചെലവിന്റെ 40 ശതമാനം ഹെക്ടറിന് 35,000 രൂപയും വള പ്രയോഗത്തിനുള്ള ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ചെലവിന്റെ 40 ശതമാനവും പരമാവധി ഹെക്ടറിന് 45,000 രൂപയും പ്ലാസ്റ്റിക് പുതയിടാന്‍ ചെലവിന്റെ 50 ശതമാനം പരമാവധി 16,000 രൂപയും അനുവദിക്കും. പച്ചക്കറികൃഷിക്ക് ഹെക്ടറിന് 91,000 രൂപ അനുവദിക്കും.

ഇതില്‍ കൃഷി ചെലവിന്റെ 40 ശതമാനം തുകയായി പരമാവധി 20,000 രൂപയും ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് 55 ശതമാനം തുകയായി പരമാവധി ഹെക്ടറിന് 55,000 രൂപയും പ്ലാസ്റ്റിക് പുതയിടലിന് ചെലവിന്റെ 50 ശതമാനം തുകയായി ഹെക്ടറിന് 16,000 രൂപയും നല്‍കുന്നു. കൂടാതെ കൃത്യതാകൃഷിയില്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്കായി ജില്ലാതലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവൃത്തി പൂര്‍ത്തിയാക്കി രേഖകള്‍ കൃഷി ഭവനില്‍ നല്‍കിയാല്‍ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. താല്‍പ്പര്യമുള്ള കര്‍ഷകര്‍ ജനുവരി 31നകം അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം.

Share
അഭിപ്രായം എഴുതാം