ആലപ്പുഴ: സാക്ഷരത മിഷന്‍ തുല്യത കോഴ്സ്: രജിസ്ട്രേഷനുള്ള സമയ പരിധി നീട്ടി

സംസ്ഥാന സാക്ഷരത മിഷന്‍ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലുള്ള തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി ഏപ്രില്‍ 10 വരെ നീട്ടി.

പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍.സി. പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി. നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം.

പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടു/പ്രീഡിഗ്രി തോറ്റവര്‍ക്കും ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കണ്ടറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം.
 
പത്താംതരം തുല്യതയ്ക്ക് അപേക്ഷ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കണ്ടറി തുല്യതയ്ക്ക് അപേക്ഷ ഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്. എസ്.സി./ എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസ് അടക്കേണ്ടതില്ല. രജിസ്ട്രേഷന്‍ ഫീസിനത്തില്‍ പത്താം തരത്തിന് 100 രൂപയും ഹയര്‍ സെക്കന്ററിക്ക് 300 രൂപയും അടച്ചാല്‍ മതി.

40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവരും ഫീസ് അടയ്ക്കേണ്ട. ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസും നല്‍കേണ്ട. ഇവര്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1250 രൂപ വീതവും പഠനകാലയളവില്‍ ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ല സാക്ഷരതാ മിഷന്‍ ഓഫീസുമായോ വിവിധ ഗ്രാമ/ ബ്ലോക്ക്/ നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത തുടര്‍/ വികസനവിദ്യാസ കേന്ദ്രങ്ങളേയോ സമീപിക്കണമെന്ന് ജില്ല കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

http://www.literacymissionkerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 0477 2252095, 7025821315, 9947528616

Share
അഭിപ്രായം എഴുതാം