സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഓഫീസ് വരെ പോകേണ്ടതില്ല. ഓഫീസ് സേവനങ്ങൾ എല്ലാം ഇനി കൈയ്യെത്തും ദൂരത്ത് ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ‘ഗ്രാമഭവൻ’ പദ്ധതി നടപ്പാക്കുകയാണ്.

പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമ്പൂർണ്ണമായും ഡിജിറ്റലാകുന്നതിന്റെ ഭാഗമായാണ് ഗ്രാമഭവനുകൾ ആരംഭിക്കുന്നത്. പഞ്ചായത്ത് ഓഫീസിന്റെ എക്സ്റ്റൻഷൻ സെന്ററുകളായി ഗ്രാമഭവനുകൾ പ്രവർത്തിക്കും. 18 വാർഡുകളിലും ആരംഭിക്കുന്ന ഭവനുകളിൽ പഞ്ചായത്തിന്റെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കും. യാത്രാക്ലേശം ഏറെ നേരിടുന്ന മലയോര മേഖലയിലെ ജനങ്ങൾക്കാണ് പദ്ധതി കൂടുതൽ ഗുണകരമാകുക.

പരിശീലനം നേടിയ ഗ്രാമസഹായികളുടെ നേതൃത്വത്തിലാണ് ഗ്രാമഭവനുകളിലൂടെ സേവനങ്ങൾ എത്തിക്കുന്നത്. പഞ്ചായത്താണ് ഗ്രാമസഹായിയെ നിയമിക്കുന്നത്. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. വാർഡിലെ ജനപ്രതിനിധികളുടെ ഓഫീസായും അഗ്രോ ക്ലിനിക്കുകൾ, ആരോഗ്യ സബ് സെന്ററുകൾ, അംഗൻവാടി എന്നീ സ്ഥാപനങ്ങളുടെയും ഗ്രാമപഠന കേന്ദ്രം, വിജ്ഞാന കേന്ദ്രം, വാതിൽപ്പടി സേവനം, കോർണർ പി.റ്റി.എ. വാർഡ് തല പുസ്തകശാല, കുടുംബശി എ.ഡി.എസ്., വാർഡ് ആസൂത്രണ സമിതി, ജാഗ്രതാ സമിതി, ഗ്രാമസഭ, ഹരിതകർമ്മ സേന, ആരോഗ്യസേന, സാനിറ്റേഷൻ കമ്മിറ്റി, സ്‌പോർട്‌സ് കൗൺസിൽ തുടങ്ങിയ സംഘടനാ സംവിധാനങ്ങളുടെ ഏകോപന കേന്ദ്രമായും ഗ്രാമഭവനുകൾ പ്രവർത്തിക്കും. ഇതര വകുപ്പിലെ സേവന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി വാർഡ്തല സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററും സജ്ജമാക്കും.

ഗ്രാമഭവനുകളുടെ പ്രവർത്തനം മെയ് 2ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

Share
അഭിപ്രായം എഴുതാം