കാർഷിക സർവകലാശാല വി.സിയുടെ ചുമതല ഇഷിതാ റോയിക്ക്

തിരുവനന്തപുരം: കാർഷിക സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ ഗവർണർ ചുമതലയിൽ നിന്ന് നീക്കും.സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല പ്രൊഫ. സിസാ തോമസിന് നൽകിയതിനെതിരായ കേസിൽ, ഇഷിതാ റോയിക്ക് വി.സിയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. വി.സിയുടെ താത്കാലിക ചുമതല നൽകുമ്പോഴും, 10 വർഷം പ്രൊഫസറായുള്ള അക്കാഡമിക് വിദഗ്ദ്ധരെയേ വി.സിയാക്കാവൂ എന്ന യു.ജി.സി ചട്ടം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. സർക്കാരിന്റെ ശുപാർശ പ്രകാരമാണ് ഇഷിതാറോയിക്ക് വി.സിയുടെ ചുമതല ഗവർണർ നൽകിയത്.

2022 ഡിസംബർ 23 വരെ ഇഷിതാ റോയി അവധിയിലായിരുന്നപ്പോൾ, വെള്ളായണി കാർഷിക കോളജിലെ പ്രൊഫസർ ഡോ. കെ. ആര്യയ്ക്ക് വി.സിയുടെ ചുമതല നൽകിയിരുന്നു. ഇതിനെതിരായ ഹൈക്കോടതിയിലെ കേസിൽ, തനിക്ക് വി.സിയായി തുടരാൻ താത്പര്യമില്ലെന്ന് ഇഷിതാ റോയി സത്യവാങ്മൂലം നൽകിയിരുന്നു. ഡോ. ആര്യയ്ക്കു തുടർനിയമനം നൽകുന്ന ഉത്തരവ് കൃഷി വകുപ്പ് ഇറക്കാതിരുന്നതോടെ, അവധി കഴിഞ്ഞെത്തിയ ഇഷിതാ റോയി വി.സിയായി തുടരുകയാണ്.സർവകലാശാലയിലെ ഒരു സീനിയർ പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകാൻ സർക്കാർ ശുപാർശ നൽകട്ടെയെന്നാണ് ഗവർണറുടെ നിലപാട്.

എന്നാൽ, ചാൻസലറാണ് നടപടിയെടുക്കേണ്ടതെന്ന് സർക്കാർ പറയുന്നു.ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷം അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. ജനുവരി രണ്ടിന് ഗവർണർ തിരിച്ചെത്തിയ ശേഷം, മന്ത്രി പി. പ്രസാദുമായി കൂടിയാലോചിച്ച് സീനിയർ പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകും. സർക്കാരുമായി കൂടിയാലോചിക്കണമെന്ന് സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുള്ളതിനാലാണിത്.

Share
അഭിപ്രായം എഴുതാം