പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്‍ പാസാക്കി ശ്രീലങ്ക

കൊളംബോ: പ്രസിഡന്റിന്റെ സവിശേഷ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ശ്രീലങ്ക പാസാക്കി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം കണ്ടെത്താനും, അഴിമതി വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്താനും കൂടി ലക്ഷ്യമിട്ടുള്ള ബില്ലാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇത്തരം ബില്ലുകള്‍ പാസാക്കാന്‍ പാര്‍ലമെന്റില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഭേദഗതി പാസാക്കിയത്. 225 അംഗ സഭയില്‍ നിന്ന് 174 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. ഉദ്യോഗസ്ഥരുടെ നിയമനം ഉള്‍പ്പെടെയുള്ള പ്രസിഡന്റിന്റെ (എക്‌സിക്യൂട്ടീവ് പ്രസിഡന്‍സി) ചില അധികാരങ്ങള്‍ നിയമനിര്‍മ്മാതാക്കളും രാഷ്ട്രീയക്കാരല്ലാത്തവരും അടങ്ങുന്ന ഒരു ഭരണഘടനാ സമിതിക്ക് കൈമാറുന്നതാണ് ഭേദഗതിയെന്ന് നീതിന്യായ മന്ത്രി വിജേദാസ രജപക്‌സെ പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. പുതിയ ഭേദഗതി പ്രകാരം മുതിര്‍ന്ന ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍മാര്‍, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍, പോലീസ്, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തുടങ്ങിയവരെ സമിതിയുടെ ശുപാര്‍ശ പ്രകാരം മാത്രമേ പ്രസിഡന്റിന് നിയമിക്കാന്‍ കഴിയൂ. മന്ത്രിസഭാ നിയമനങ്ങള്‍ പ്രധാനമന്ത്രി ശുപാര്‍ശ ചെയ്യും. പ്രതിരോധം ഒഴികെയുള്ള ക്യാബിനറ്റ് സ്ഥാനങ്ങള്‍ വഹിക്കാന്‍ പ്രസിഡന്റിനെ അനുവദിക്കില്ല. സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുടെയും മറ്റ് അന്താരാഷ്ട്ര സഹായങ്ങളും ഉറപ്പാക്കാനും ഭേദഗതി സഹായകമാകുമെന്നും വിജേദാസ രജപക്‌സെ പറഞ്ഞു.

Share
അഭിപ്രായം എഴുതാം