സ്ത്രീകളുടെ സാമൂഹ്യപദവിയില്‍ മാറ്റം വരുത്താനായി: മന്ത്രി ആർ. ബിന്ദു

സ്ത്രീകളുടെ സാമൂഹ്യപദവിയില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനായെന്നത് അഭിമാനകരമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. സ്ത്രീകളെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്നതില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമാനതകളില്ലാത്ത സ്ത്രീശാക്തീകരണ സംവിധാനമാണ് കുടുംബശ്രീ എന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ റൂറല്‍ പൊലീസിന്റെ സ്ത്രീസുരക്ഷാ മേളയായ ഉയരേയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 

നിരവധിയായ അസമത്വങ്ങളിലൂടെയും വിവേചനങ്ങളിലൂടെയും അവമതിപ്പുകളിലൂടെയുമാണ് സ്ത്രീ ജീവിതം മുന്നോട്ട് പോകുന്നത്. കുട്ടികളെ വളര്‍ത്തുന്നതിനും വയോജനങ്ങളെ പരിപാലിക്കുന്നതിനും ഉള്‍പ്പെടെ ജീവിതത്തില്‍ ഗണ്യമായ സമയം മാറ്റിവെയ്ക്കുന്ന സ്ത്രീകള്‍ക്ക് അതിന് അനുസരിച്ചുള്ള ആദരവ് ലഭിക്കുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ശാരീരിക-മാനസിക സൗഖ്യം, സാമ്പത്തിക ഭദ്രത, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികൾ, സന്നദ്ധ സംഘടനകൾ,  സഖി, സ്ത്രീ സംരംഭ കൂട്ടായ്മകളും ചൈല്‍ഡ് ലൈന്‍ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നയരൂപീകരണ ചര്‍ച്ചകള്‍, കൗണ്‍സിലിംഗ് സെഷനുകള്‍, അവബോധന പരിപാടികള്‍ എന്നിവ നടന്നു. 

ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്റെ, മാള എസ് ഐ രമ്യ കാര്‍ത്തികേയന്‍, ഡിഐജി തൃശൂര്‍ റെയ്ഞ്ച് പുട്ട വിമലാദിത്യ, തൃശൂര്‍ റൂറല്‍ വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ടി ഐ എല്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം