വിശ്വാസവോട്ട് നേടി നിതീഷ് കുമാറിന്റെ മഹാസഖ്യ സര്‍ക്കാര്‍

പട്ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. പ്രതിപക്ഷമായ ബി.ജെ.പി. വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.ബി.ജെ.പി. അംഗങ്ങള്‍ നിയമസഭയില്‍നിന്നിറങ്ങി പോയതോടെ ശബ്ദവോട്ടിലാണ് വിശ്വാസ പ്രമേയം പാസായത്. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം മാത്രമേ നടത്തുന്നുള്ളൂവെന്നും പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും നിതീഷ് കുമാര്‍ ആരോപിച്ചു. തനിക്കു ദേശീയ രാഷ്ട്രീയത്തില്‍ മോഹങ്ങളില്ലെന്നും ബിഹാറിനു വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളായ സി.ബി.ഐയും ഇ.ഡിയും ആദായനികുതി വിഭാഗവും ബി.ജെ.പിയുടെ മരുമക്കളാണെന്ന് തേജസ്വി യാദവ് പരിഹസിച്ചു. കീഴടക്കാനോ വിലയ്ക്കെടുക്കാനോ കഴിയാത്തവര്‍ക്കെതിരേ ബി.ജെ.പി. കേന്ദ്ര ഏജന്‍സികളെ നിയോഗിക്കുകയാണ്. വിശ്വാസ വോട്ടു ദിനത്തില്‍ ആര്‍.ജെ.ഡി. നേതാക്കള്‍ക്കെതിരേ നടക്കുന്ന സി.ബി.ഐ. റെയ്ഡ് അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിനു തെളിവാണെന്നു തേജസ്വി പറഞ്ഞു.

ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായ തേജസ്വി, ക്രിക്കറ്റ് പദാവലികളുടെ സഹായത്തോടെയാണ് പുതിയ സഖ്യത്തെയും അതിന്റെ നിലനില്‍പ്പിനെയും കുറിച്ചു സംസാരിച്ചത്. ”ഇത് ഒരിക്കലും അവസാനിക്കില്ലാത്ത ഇന്നിങ്സാണ്. ഇത് ചരിത്രപരമാണ്. ഞങ്ങളുടെ പാര്‍ട്ണര്‍ഷിപ്പ് നീണ്ടുനില്‍ക്കും. ആരും റണ്‍ ഔട്ട് ആകാന്‍ പോകുന്നില്ല”- തേജസ്വി പറഞ്ഞു.

അതേസമയം, നിതീഷ് കുമാറിന് രാഷ്ട്രീയ വിശ്വാസ്യത നഷ്ടമായെന്ന് ബി.ജെ.പി. അംഗം താരാകിഷോര്‍ പ്രസാദ് വിമര്‍ശിച്ചു. ജനതാദളിനു (യു) ബിഹാറില്‍ ഒരിക്കലും തനിച്ചു തെരഞ്ഞെടുപ്പു ജയിക്കാന്‍ കഴിയില്ല. നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രിമാരെ ഇടയ്ക്കിടെ മാറ്റി മുഖ്യമന്ത്രി കസേരയില്‍ കടിച്ചു തൂങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.ബി.ജെ.പി. അംഗം കൂടിയായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ വോട്ടെടുപ്പിനു മുമ്പ് രാജിവച്ചതിനെത്തുടര്‍ന്ന് ജെ.ഡി.യുവിലെ നരേന്ദ്ര നാരായണ്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു വിശ്വാസവോട്ടെടുപ്പ്. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി വിജയ് കുമാര്‍ സിന്‍ഹയ്ക്കെതിരേ ഭരണപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനം രാജിവച്ചത്.പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ സ്പീക്കര്‍ രാജി വയ്ക്കാനുള്ള ആവശ്യം ശക്തമായെങ്കിലും സിന്‍ഹ വഴങ്ങിയില്ല. തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്തതിനു ശേഷം മാത്രമേ രാജിയുള്ളൂ എന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. 243 അംഗ നിയമസഭയില്‍ 160 എം.എല്‍.എമാര്‍ സര്‍ക്കാരില്‍ വിശ്വാസം രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം