വിവരാവകാശ കമ്മീഷന്‍ ഹിയറിങ്- 48 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു

വിവരാവകാശ കമ്മിഷൻ ജില്ലയിൽ നടത്തിയ ഹിയറിങ്ങിൽ  48 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു. 

യഥാസമയം പൊതുജനങ്ങൾക്ക്  അവർ ആവശ്യപ്പെടുന്ന രേഖകൾ ലഭിക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്താനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നതെന്ന്  സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിഗണിച്ച എല്ലാ കേസുകളിലും തീരുമാനമായിട്ടുണ്ടെന്നും വിശദമായ ഉത്തരവ് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുവിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.ലഭ്യമാക്കാവുന്ന രേഖകൾ അപേക്ഷകർക്ക് അദാലത്ത് ദിവസം ലഭ്യമാക്കിയിട്ടുണ്ട്. സ്വീകരിച്ച പരാതികൾ അപേക്ഷ സമയത്ത് പരാതിക്കാരന് ലഭ്യമായോ എന്നു കമ്മീഷൻ പരിശോധിച്ചു. ദേശ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ ഒഴികെ മറ്റെല്ലാ വിവരങ്ങളും ജനങ്ങൾക്ക് യഥാസമയം നൽകാൻ കഴിയണമെന്നും  കമ്മീഷണർ നിർദേശിച്ചു.

ജനങ്ങൾ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ കുറിച്ചും, സ്ഥാപനങ്ങൾ വിവരങ്ങൾ നൽകാതെ സ്വന്തം താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചും കമ്മീഷൻ സംസാരിച്ചു. അപേക്ഷകർക്ക് വിവരങ്ങൾ ലഭ്യമാക്കുമെന്നും പിഴ ചുമത്തേണ്ട കേസുകളിൽ പിഴ ചുമത്തുമെന്നും കമ്മീഷൻ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും അദാലത്ത് നടത്തുമെന്നും കമ്മീഷൻ പറഞ്ഞു. 

പരാതികൾ വേഗം പരിഹരിക്കപ്പെടണം   എന്ന ഉദ്ദേശത്തോടെ രണ്ടുദിവസം നീളുന്ന ഹിയറിങ്ങാണ് ജില്ലയിൽ  സംഘടിപ്പിച്ചത്. 24 കേസുകളാണ് പരിഗണിച്ചിരുന്നത്.

Share
അഭിപ്രായം എഴുതാം