ജീവനും മരണത്തിനുമിടയിലൂടെ അനു ഒഴുകിയെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്ക്

ചെറുതോണി : തങ്കമണിയിൽ നിന്ന് ചെറുതോണിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിന് സമീപം അപകടത്തിൽപെട്ടു. 70 മീറ്ററോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ അനു കാലുതെറ്റി പുഴയിൽ വീണു. ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം ഒഴുകിയശേഷം പുല്ലിൽ പിടിച്ചു രക്ഷപ്പെടുകയായിരുന്നു. ചെറുതോണി സ്വദേശിനി അനു മഹേശ്വരൻ 2022 ഓ​ഗസ്റ്റ് 5 വ്യാഴാഴ്ച രാത്രി 7.30 നോടെയാണ് അപകടത്തിൽപെട്ടത്.

കാറിൽ മറ്റാരുമില്ലായിരുന്നു. എതിർദിശയിൽ നിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാർ പലവട്ടം മറിഞ്ഞു വീണു. കാറിൽ നിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലിൽ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്കായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

Share
അഭിപ്രായം എഴുതാം