ഓപ്പറേഷന്‍ വാഹിനി: പറവൂർ ബ്ലോക്കിൽ ശുചീകരിച്ചത് 84 തോടുകൾ

13758 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണും നീക്കം ചെയ്തു

ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി 84 തോടുകളുടെ ശുചീകരണം പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പൂര്‍ത്തിയായി. തോടുകളില്‍ നിന്ന് ആകെ 13758 മീറ്റര്‍ ക്യൂബ് ചെളിയും മണ്ണുമാണ് നീക്കം ചെയ്തത്.  

ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 84 തോടുകളും നവീകരിച്ചത്. 30 തോടുകളുടെ ശുചീകരണം നടന്നുകൊണ്ടിരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ തോടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

ഏഴിക്കര ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ തോടുകൾ ശുചീകരിച്ചത്. 16 വാർഡുകളിലായി 35 തോടുകളാണ് പദ്ധതി പ്രകാരം നവീകരിച്ചത്. മൂന്നു തോടുകളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

വടക്കേക്കര പഞ്ചായത്തില്‍ 27 തോടുകളാണ് നവീകരിച്ചത്. ആറു തോടുകൾ ശുചീകരിച്ചു കൊണ്ടിരിക്കുന്നു. ചേന്ദമംഗലം പഞ്ചായത്തിൽ 12 തോടുകളുടെ ശുചീകരണം പൂർത്തിയാക്കുകയും മൂന്ന് തോടുകളുടെ ശുചീകരണം നടന്നുകൊണ്ടിരിക്കുകയുമാണ്.

കോട്ടുവള്ളി പഞ്ചായത്തില്‍ 10 തോടുകൾ ശുചീകരിച്ചു. ഒൻപത് തോടുകളുടെ ശുചീകരണം നടന്നു കൊണ്ടിരിക്കുന്നു. ചിറ്റാറ്റുകര പഞ്ചായത്തിൽ ഒൻപത് തോടുകളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. 

2018ലെയും 2019ലെയും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ശുചീകരിച്ച് ഒഴുക്ക് സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനി. തോടുകളിലെ ചെളിയും എക്കലും നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് കൂട്ടാനുള്ള നടപടികളാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

Share
അഭിപ്രായം എഴുതാം