സ്വകാര്യ ബസുകളിൽ വ്യാപക നിയമ ലംഘനം , 178 സ്വകാര്യ ബസുകളിൽ നിയമ ലംഘനം കണ്ടെത്തി

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപക നിയമ ലംഘനം കണ്ടെത്തി. 2022 ജൂലൈ 13ന് പതിനൊന്നു മണി മുതൽ ഉച്ചക്ക് ഒരു മണിവരെയുള്ള ചെറിയ സമയത്തിനുള്ളിൽ മാത്രം 178 സ്വകാര്യ ബസുകളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 420 ബസുകൾ പരിശോധിച്ചതിലാണ് ഇത്രയും ബസുകളിൽ നിയമ ലംഘനം കണ്ടെത്തി കേസെടുത്തത്. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി ആറിടത്താണ് ഇന്ന് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്.

തൃക്കാക്കര, വൈറ്റില, തൃപ്പുണിത്തുറ, ഫോർട്ട് കൊച്ചി, കലൂർ,ഹൈക്കോടതി ജംങ്ഷൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പൊലീസും മോട്ടാർ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊല്ലത്ത് ടൂസ്റ്റ് ബസിനു മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിനെ തുടർന്നാണ് ടൂറിസ്റ്റു ബസുകൾക്കൊപ്പം സ്വകാര്യ ബസുകളിലും പരിശോധന കർശനമാക്കാൻ മോട്ടാർ വാഹന വകുപ്പും പൊലീസും തീരുമാനിച്ചത്. ഇത്തരം നിയമലംഘനങ്ങൾ തുടർച്ചയാകുന്നതിന്റെ കാരണം വിശദീകരിക്കാൻ സർക്കാരിനോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പരിശോധനയിൽ മിക്ക ബസുകളിലും നിരോധിത എയർ ഹോണുകളുള്ളത് കണ്ടെത്തി. പിടിക്കപെടാതിരിക്കാൻ പ്രത്യേക സ്വിച്ച് ഉപയോഗിച്ചാണ് പല ബസുകളിലും എയർഹോൺ ഉപയോഗിക്കുന്നത്. കൂടാതെ ഉയർന്ന ശബ്ദത്തിൽ പാട്ടു വെക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ചില ബസുകളിൽ സ്പീ‍ഡ് ഗവർണർ ഒഴിവാക്കിയതും പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. വീഡിയോ പരസ്യം കാണിക്കുന്നതിനായി ചില ബസുകളിൽ ടെലിവിഷൻ സ്ഥാപിച്ചതും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

വാതിലുകളടക്കാതെ സർവീസ് നടത്തിയതിനും അമിത വേഗത്തിനും അശാസ്ത്രീയ ഓവർടേക്കിംഗിനുമെല്ലാം സ്വകാര്യ ബസുകൾക്കെതിരെ ഉദ്യോഗസ്ഥർ നിയമ നടപടികൾ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം

Share
അഭിപ്രായം എഴുതാം