മനസോടിത്തിരി മണ്ണ്: സംഭാവനയായി ലഭിക്കുന്ന ഭൂമി സംബന്ധിച്ച് മാർഗരേഖയായി

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ലഭ്യമാകുന്ന ഭൂമിയുടെ ഉപയുക്തത സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഭൂമിയുടെ യോഗ്യതാ നിർണയം, അനുയോജ്യത, രജിസ്‌ട്രേഷൻ വ്യവസ്ഥകൾ, ഭൂമി നൽകുന്നതിനുള്ള നടപടികൾ, ഭൂമി നിരാകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചാണ് മാർഗരേഖ. മനസോടിത്തിരി മണ്ണ് ക്യാമ്പയിനായി ഇതിനകം സംസ്ഥാനത്ത് 1076 സെന്റ് സ്ഥലമാണ് ലഭിച്ചത്. ഇതിന് പുറമേ 696 സെന്റ് ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുമുണ്ട്. മനസോടിത്തിരി മണ്ണ് ക്യാമ്പയിൻ വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

രണ്ട് രീതിയിൽ ഭൂമി സംഭാവന ചെയ്യുമ്പോൾ രജിസ്‌ട്രേഷൻ നടത്താനാകും. ഭൂദാതാവിന് നേരിട്ട് ഭൂരഹിത ഭവനരഹിത ലൈഫ് പദ്ധതി ഗുണഭോക്താവിന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാം. തദ്ദേശസ്ഥാപനങ്ങൾക്കാണ് ഭൂമി നൽകുന്നതെങ്കിൽ സ്ഥാപന സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകണം. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകൾ തദ്ദേശ ഭരണ സ്ഥാപനം വഹിക്കും.

ലഭിച്ച ഭൂമിയും, ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ എണ്ണവും, തദ്ദേശ സ്ഥാപനത്തിന് ലഭ്യമായ ഫണ്ടും പരിഗണിച്ച് വ്യക്തിപരമായ വീടോ, ഭവന സമുച്ചയമോ, ക്ലസ്റ്റർ ഹോമോ നിർമിക്കാൻ തദ്ദേശ സ്ഥാപനം തീരുമാനിക്കും. വ്യക്തിപരമായ വീടുകൾക്കായി ഗുണഭോക്താക്കൾക്ക് പരമാവധി മൂന്ന് സെന്റ് വീതം വീതിച്ച് നൽകാൻ അനുവാദമുണ്ട്. റോഡ്, കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രദേശത്തേക്ക് തദ്ദേശ സ്ഥാപനം ഉറപ്പുവരുത്തും. ഗുണഭോക്താക്കളെ ലൈഫ് പട്ടികയിൽ നിന്ന് മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കും. വ്യക്തിഗത ഭവനങ്ങൾക്കായി നൽകുന്നുണ്ടെങ്കിൽ മാത്രമേ രജിസ്‌ട്രേഷൻ ആവശ്യമുള്ളൂ. ലൈഫ് പദ്ധതിക്കും ലൈഫ് ഗുണഭോക്താക്കൾക്കും രജിസ്റ്റർ ചെയ്തുകൊടുക്കുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കിയിട്ടുണ്ട്. ലഭ്യമാകുന്ന ഭൂമി ഗുണഭോക്താവിനും ഗുണഭോക്താവിന്റെ അവകാശികൾക്കും ജീവിതാവസാനം വരെ അവകാശം ഉണ്ടായിരിക്കും. ഭൂമി അനന്തരാവകാശികൾക്ക് മാത്രമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചാലോ, അനന്തരവകാശികൾ ഇല്ലെങ്കിലോ സ്ഥലം തദ്ദേശ സ്ഥാപനത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയും രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തും.

വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയിലെ എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും തദ്ദേശ സ്ഥാപനങ്ങൾ പരിഹരിക്കും. ഭൂമി സംബന്ധിച്ച് തർക്കമോ കോടതി വ്യവഹാരമോ ഉണ്ടെങ്കിൽ, തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തും. പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ഭൂദാതാവ് രജിസ്‌ട്രേഷന് വിസമ്മതിക്കുകയാണെങ്കിൽ എല്ലാ അനുമതിയും റദ്ദാക്കുമെന്നും മാർഗനിർദേശം പറയുന്നു.

Share
അഭിപ്രായം എഴുതാം