മുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ച് ആദിവാസി ജനത

മാങ്കുളം : ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കുട്ടി കുടിയിലേക്ക് താൽക്കാലിക പാലം നിർമിച്ച് ആദിവാസികൾ . പ്രളയത്തിൽ തകർന്ന പാലത്തിന്റെ പുനഃർനിർമാണം നടക്കാത്തതിനെ തുടർന്നാണ് മുളയും ഈറ്റയും ഉപയോഗിച്ച് പാലം നിർമിച്ചിരിക്കുന്നത്.

പാലം പുനഃർനിർമിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. 2018ലെ പ്രളയത്തിലാണ് നല്ല തണ്ണി ആറിന് കുറുകെയുളള പാലം ഒലിച്ചുപോയത്. ഇതോടെ കള്ളക്കുട്ടി കുടി നിവാസികൾ പുറം ലോകവുമായി ഒറ്റപ്പെട്ടു. നാല് വർഷം പിന്നിട്ടിട്ടും ത്രിതല പഞ്ചായത്തുകളും, വനംവകുപ്പും, പട്ടികജാതി വികസന വകുപ്പും അവഗണന മനോഭാവം തുടർന്നു. പ്രദേശവാസികൾ ബദ്ധപ്പെട്ടവർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.

വേനൽക്കാലത്ത് വെള്ളം കുറഞ്ഞതോടെ പുഴ മുറിച്ച് കടന്നാണ് കള്ളക്കുട്ടി കുടിയിലേക്ക് ആളുകൾ എത്തിയിരുന്നത്. മഴക്കാലമാരംഭിച്ചതോടെ കുടുംബങ്ങൾ മുൻവർഷങ്ങളിലെന്ന പോലെ ഇത്തവണയും ദുരിതത്തിലായി. ആശുപത്രിയിലേക്കും മറ്റ് അത്യാവശ്യങ്ങൾക്കും വയോധികരെയും കുട്ടികളെയും കൊണ്ട് പുഴ മുറിച്ച് കടക്കുന്നത് ജീവൻ കൈയ്യിൽപ്പിടിച്ചായിരുന്നു.

സ്കൂൾ ആരംഭിച്ചിട്ടും പലം പണിക്കുള്ള നടപടികൾ ആരംഭിക്കാതെ വന്നതോടെമുളയും ഈറ്റയും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിക്കാൻ ആദിവാസി കുടുംബങ്ങൾ തീരുമാനിച്ചത്. അതേ സമയം പാലം നിർമ്മാണം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയതായാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം

Share
അഭിപ്രായം എഴുതാം