ടീസ്തയുടെ അറസ്റ്റ്: മനുഷ്യാവകാശ സംരക്ഷണം കുറ്റകൃത്യമല്ല -ഐക്യരാഷ്ട്ര സംഘടന

ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന. വിഷയത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് മനുഷ്യാവകാശ സംരക്ഷണം കുറ്റകൃത്യമല്ലെന്ന് യു.എന്‍. പ്രത്യേക വക്താവ് മേരി ലോലര്‍ വ്യക്തമാക്കി. വെറുപ്പിനും വിവേചനത്തിനുമെതിരേയുള്ള ഉറച്ച ശബ്ദമാണ് ടീസ്തയെന്നും ലോലര്‍ കൂട്ടിച്ചേര്‍ത്തു.ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ശനിയാഴ്ച വൈകിട്ടാണ് ടീസ്ത സെതല്‍വാദിനെ മുംബൈയില്‍ അറസ്റ്റ് ചെയ്തത്.2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണസംഘം കുറ്റവിമുക്തരാക്കിയതിനെതിരേയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ഇത്.

കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി. എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സാക്കിയയുടെ വികാരങ്ങളെ സഹപരാതിക്കാരിയായ ടീസ്ത സെതല്‍വാദ് ചൂഷണം ചെയ്യുകയാണെന്നായിരുന്നു സുപ്രിം കോടതി മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.

വിഷയം സജീവമായി നിലനിര്‍ത്താനും ആളിക്കത്തിക്കാനും ചിലര്‍ ശ്രമിച്ചതായും ടീസ്തയുടെ സന്നദ്ധസംഘടനയെ പരാമര്‍ശിച്ച് സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. ഹര്‍ജി തള്ളിയതിനു പിന്നാലെ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടീസ്തയെ കുറ്റപ്പെടുത്തിയിരുന്നു. കോടതിവിധി ശ്രദ്ധാപൂര്‍വം വായിച്ചെന്നും ടീസ്തയുടെ പേര് അതില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ടീസ്ത നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടന കലാപം സംബന്ധിച്ച അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പോലീസിനു നല്‍കിയെന്നായിരുന്നു അമിത് ഷായുടെ അടുത്ത വിമര്‍ശനം.

Share
അഭിപ്രായം എഴുതാം