എല്ലാ സ്‌കൂള്‍ വാഹനങ്ങളുടെയും ഫിറ്റ്നസ് 25ന്‌പരിശോധിക്കും

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ വാഹനങ്ങളേയും താലൂക്ക് തലത്തില്‍ വിളിച്ചു വരുത്തി 25ന്‌ ഫിറ്റ്നസ് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഫിറ്റ്നസ് പരിശോധന. താലൂക്ക്തലത്തിലാണ് പരിശോധന നടക്കുക. സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. സ്വകാര്യ ബസ് ജീവനക്കാര്‍ക്കും പ്രത്യേക ബോധവത്കരണ ക്ലാസ് നല്‍കും.

തിരുവല്ല നഗരസഭ ഓഡിറ്റോറിയത്തില്‍ 25ന്‌ 200 സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. 28ന് പത്തനംതിട്ട ആര്‍ടിഒ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടാംഘട്ട പരിശീലനം നടക്കും. താലൂക്ക് തല ടാസ്‌ക് ഫോഴ്സ് മീറ്റിംഗ് ചേരണം. വൈദ്യുത വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. കൊടുമണ്‍, ഏനാദിമംഗലം എന്നിവിടങ്ങളിലെ റോഡില്‍ അപകടകരമായി കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
മുത്തൂര്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ട്രാഫിക് ക്രമീകരണ സമിതി യോഗം ചേരണം. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നിരീക്ഷണ കാമറ വാങ്ങുന്നതിന് എസ്റ്റിമേറ്റ് ആയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ആര്‍ടിഒ എ.കെ. ദിലു, കെഎസ്ഇബി ഡെപ്യട്ടി സിഇ വി.എന്‍. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാറാണി, ഡെപ്യുട്ടി ഡിഎംഒ രചന ചിദംബരം, ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍,  കെഎസ്ടിപി അസി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം.എസ്. ശ്രീജ, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം