ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വാദിച്ചു. വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം. ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ഫെഡറൽ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലർ ചോദ്യം ചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്നും ഇ.ഡി. ആരോപിക്കുന്നു.

2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

Share
അഭിപ്രായം എഴുതാം