അനുമതിയില്ലാതെ സർക്കാർ ഫണ്ട് ചെലവാക്കൽ : വന്നുപോയ വീഴ്ച മാപ്പാക്കണമെന്ന് ഡിജിപി അനിൽകാന്ത്

തിരുവനന്തപുരം∙ ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്തു നടന്ന ഇടപാടിലെ വീഴ്ചയ്ക്ക് മാപ്പു ചോദിച്ച് ഡിജിപി അനിൽകാന്ത് . ചട്ടങ്ങൾ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടിലാണ് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് മാപ്പ് ചോദിച്ചത്. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാർ സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിക്കു നൽകിയ സംഭവത്തിലാണ് വീഴ്ച സമ്മതിച്ചത്. ഡിജിപിയുടെ വിശദീകരണം അംഗീകരിച്ച് നാലു ലക്ഷത്തിലേറെ രൂപയുടെ ഇടപാടിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി .

2018ലാണു പൊലീസ് വെബ്സൈറ്റ് നവീകരിക്കാൻ കാവിക ടെക്നോളജീസ് എന്ന കമ്പനിക്കു വർക്ക് ഓർഡർ നൽകിയത്.ഫണ്ട് ചെലവഴിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ അതുണ്ടായില്ല. വകുപ്പുതല ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശയുമുണ്ടായിരുന്നില്ല. 2021 ഓഗസ്റ്റിൽ പ്രവൃത്തി അംഗീകരിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ അനുമതിക്കായി സമീപിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വകുപ്പ് ചൂണ്ടിക്കാട്ടിയത്. മേലിൽ വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കുമെന്നും വന്നുപോയ വീഴ്ച മാപ്പാക്കണമെന്നും ഡിജിപി അനിൽകാന്ത് ആഭ്യന്തര വകുപ്പിനു കത്തു നൽകി. ഇതേത്തുടർന്ന്, പ്രവൃത്തി അംഗീകരിച്ച് ഉത്തരവിറക്കി.

Share
അഭിപ്രായം എഴുതാം