തൃശൂർ പൂരം: മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജം

സുരക്ഷാ ക്രമീകരണങ്ങൾ  വിലയിരുത്തി ദേവസ്വംമന്ത്രി

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം  ആഘോഷപൂർവ്വമായി നടത്തുന്ന തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ  മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജമായി. തെക്കേഗോപുരനട തുറക്കുന്ന ചടങ്ങ് നിർവ്വഹിക്കുന്ന നെയ്തലക്കാവിലമ്മയുടെ കോലമേന്തുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ആന എറണാകുളം ശിവകുമാറിന്റെ ആരോഗ്യ പരിശോധന നടത്തിയാണ് ആന പരിശോധനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് ആരംഭം കുറിച്ചത്. 

കൊച്ചിൻ ദേവസ്വം ബോർഡ് വടക്കുംനാഥൻ കൊക്കൂർണിപ്പറമ്പിൽ
പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ വിലയിരുത്തി. പൂരം അതിന്റെ പ്രൗഢിയോടെ നടത്തുന്നതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഉഷാറാണിയുടെ നേതൃത്വത്തിൽ
42 വെറ്ററിനറി ഡോക്ടർമാരടങ്ങുന്ന എലിഫന്റ് സ്ക്വാഡും 17 ജീവനക്കാരും  തയ്യാറായിട്ടുണ്ട്. പൂരത്തിലെത്തുന്ന ആനകളെയെല്ലാം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. തൃശൂർ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്തിട്ടുള്ള പരിചയം, മദകാലം, അനുസരണ, പാപ്പാൻമാരുടെ ലൈസൻസ് വിവരങ്ങൾ, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. പൂരത്തോടനുബന്ധിച്ച്  ആനകൾക്ക് എന്തെങ്കിലും അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ നൽകാനുള്ള സൗകര്യവും മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. പൂര ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകൾക്ക് മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഉഷാറാണി, ആന വിദഗ്ധൻ ഗിരിദാസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം