ജില്ലാ റിസോഴ്‌സ് സെന്റര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ജില്ലാ റിസോഴ്സ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രാദേശികമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആസൂത്രണം മാത്രമാകാതെ പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും നോഡല്‍ പ്രോജക്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.ഉത്പാദനക്ഷമതയുടേയും തൊഴിലവസരങ്ങളുടെയും വര്‍ധനവിന് ഊന്നല്‍ നല്‍കണമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങളുടെ യൂണിറ്റ് ആരംഭിക്കണമെന്നും വരുമാനദായക പ്രവര്‍ത്തികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു.  

കൃഷി, മത്സ്യകൃഷി, ജലസേചനം, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായം, ഊര്‍ജം, വിനോദസഞ്ചാരം, വനിതാശിശുക്ഷേമം, സാമൂഹിക ക്ഷേമം, സാമൂഹിക നീതി, വിദ്യാഭ്യാസം, കല, സംസ്‌കാരം, സ്പോര്‍ട്സ്, ആരോഗ്യം, ശുചിത്വം, മാലിന്യസംസ്‌കരണം, കുടിവെള്ളം, പശ്ചാത്തലവികസനം- റോഡ് നിര്‍മാണം, ദുരന്തനിവാരണം, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, നദീ സംരക്ഷണം, പട്ടികജാതി, പട്ടിക വര്‍ഗ വികസനം എന്നീ ഉപസമിതികളുടെ  പ്രതിനിധികള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കുവെച്ചു. ജില്ലയുടെ വികസന മുന്നേറ്റത്തിനായി വിവിധ മേഖലകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എഡിഎം അലക്സ് പി തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍പേഴ്സണ്‍ ഇറിഗേഷന്‍ വകുപ്പ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.കെ. വാസു, ഉപസമിതി ചെയര്‍പേഴ്സണ്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം