ഒരു വ്യക്തിക്ക് ഒരു ജന്മം പാര്‍ട്ടിയെ കൊണ്ട് കിട്ടാവുന്നതിന്റെ മാക്‌സിമം കെ.വി. തോമസിന് കിട്ടി; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി: കെ.വി. തോമസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്ലാ സ്ഥാനങ്ങളും കെ.വി. തോമസിന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യാഴാഴ്ച(07/04/22) പറഞ്ഞു. കോൺഗ്രസ് വിലക്ക് ലംഘിച്ച് സി പി എം സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിൻ്റെ തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് ഉണ്ണിത്താൻ്റെ പ്രതികരണം.

‘മൂന്ന് വര്‍ഷത്തോളം കോണ്‍ഗ്രസ് മന്ത്രിയായിരുന്നയാളാണ് അദ്ദേഹം, 22 വര്‍ഷത്തോളം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ് അദ്ദേഹം, പ്രധാനപ്പെട്ട വകുപ്പായ സിവില്‍ സപ്ലൈസും അദ്ദേഹത്തിന് കൊടുത്തു. നിരവധി ചുമതലകളും സ്ഥാനങ്ങളും കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ നിരാശനാണെന്നും ഈ പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും പറഞ്ഞാല്‍ എന്താണതില്‍ നിന്ന് മനസിലാക്കേണ്ടത്. ഒരു വ്യക്തിക്ക് ഒരു ജന്മം ഒരു പാര്‍ട്ടിയില്‍ നിന്ന് കിട്ടാവുന്നതിന്റെ മാക്‌സിമം അദ്ദേഹത്തിന് കിട്ടി. ഇനിയെന്താണ് അദ്ദേഹം ആഗ്രിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

തെരുവില്‍ സില്‍വര്‍ ലൈനിന്റെ പേരില്‍ സി.പി.ഐ.എമ്മുമായി സമരം നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവം,’ രാജമോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്ന് കെ.വി. തോമസ് പറഞ്ഞു.

”സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.

മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണിത്ര വിരോധം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ശരിയാണോ, കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് ഞാന്‍. നൂലില്‍ കെട്ടി വന്നയാളൊന്നുമല്ല,

ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളച്ചയാളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്, ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം,” അദ്ദേഹം പറഞ്ഞു

Share
അഭിപ്രായം എഴുതാം