തിരിച്ച് വരവില്‍ ഗോകുലം എഫ് സി

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സി. വിജയ വഴിയില്‍ തിരിച്ചെത്തി. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം 2-1 ന് ഐസ്വാള്‍ എഫ്.സിയെ തോല്‍പ്പിച്ചു. ജെയ്റൂഡ് ഫ്ളെച്ചറാണു ഗോകുലത്തിന്റെ രണ്ട് ഗോളുകളുമടിച്ചത്. 64, 89 മിനിറ്റുകളിലായിരുന്നു ഫ്ളെച്ചറിന്റെ ഗോളുകള്‍. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ റൊണാള്‍ഡ് സിങിലൂടെ ഗോകുലം പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. 59-ാം മിനിറ്റില്‍ ലൂകാ മാജെസന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിയും മടങ്ങി. 63-ാം മിനിറ്റില്‍ ഗോകുലം ലീഡ് നേടി. ശ്രീക്കുട്ടന്റെ പോസ്റ്റ് ഷോട്ടില്‍ തട്ടിയ റീബൗണ്ട് ഫ്ളെച്ചര്‍ വലയിലാക്കി. 89-ാം മിനിറ്റില്‍ ശ്രീക്കുട്ടന്റെ സഹായത്തോടെ ഫ്ളെച്ചര്‍ വീണ്ടും ഗോളടിച്ചു.

പിന്നാലെ ആയുഷ് ഛേത്രി ഐസ്വാളിനായി ഒരു ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ റോബര്‍ട്ട് പ്രൈമസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ഐസ്വാളിനു തിരിച്ചടിയായി. ജയത്തോടെ ഗോകുലം എട്ട് കളികളില്‍നിന്നു 18 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തായി. ഒരു പോയിന്റിനു മുന്നിലുള്ള മൊഹമ്മദനാണ് ഒന്നാമത്. ഉച്ചയ്ക്കു നടന്ന മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ 2-1 നു കെങ്ക്രയെ തോല്‍പ്പിച്ചു. ഒന്‍പത് കളികളില്‍നിന്ന് 17 പോയിന്റ് നേടിയ ശ്രീനിധി മൂന്നാമതാണ്.19-ാം മിനിറ്റില്‍ രഞ്ജീത് പാണ്ഡെ കെങ്ക്രെക്ക് ലീഡ് നല്‍കി. 22-ാം മിനിറ്റില്‍ ശ്രീനിധി സമനില നേടി. ലോങ് റേഞ്ച് ഫ്രീകിക്കിനെ ലാല്‍ചുങ്നുംഗ ഗോളാക്കി. താരത്തിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു അത്. അറുപതാം മിനിറ്റില്‍ ഡേവിഡ് കാസ്റ്റനെന്‍ഡ ശ്രീനിധിക്കു ലീഡ് നല്‍കി.

Share
അഭിപ്രായം എഴുതാം