കോട്ടയം: ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു പുതുതലമുറ സംരംഭകർക്ക് മികച്ച പ്രോത്സാഹനം നൽകണം – തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: പുതുതലമുറയെ  വ്യവസായ രംഗത്തേക്ക്  ആകര്‍ഷിക്കുന്നതിനുതകുന്ന  പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ പറഞ്ഞു. 

ജില്ലാ വ്യവസായകേന്ദ്രം  കോട്ടയത്ത് സംഘടിപ്പിച്ച  ജില്ലാതല നിക്ഷേപ സംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനകാലത്തു തന്നെ യുവജനങ്ങൾക്ക് സംരഭങ്ങളിൽ താല്പര്യമുണ്ടാക്കുന്ന ഇടപെടലുകൾ ഉണ്ടാകണം. ഇതിനായി 

കോളേജുകളിൽ വ്യവസായ ക്യുബിക്കിള്‍ രൂപീകരിക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിലവിലെ സംരംഭങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും  നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

ഐഡ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ  ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എം  വി ലൗലി അധ്യക്ഷത വഹിച്ചു. ലീഡ് ജില്ലാ മാനേജര്‍  അലക്‌സ് ഇ എം, കെ എസ് എസ് ഐ എ ജില്ലാ  പ്രസിഡന്റ്  എബ്രഹാം കുര്യാക്കോസ്, സെക്രട്ടറി  ദിലീപ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ആര്‍ അര്‍ജുനന്‍ പിള്ള,  രാകേഷ് വി ആര്‍ എന്നിവര്‍ സംസാരിച്ചു.  

 ഇ കോമേഴ്സ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളിൽ   ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്  വി. ഷബീര്‍, കയറ്റുമതി സംരംഭങ്ങൾ  ആരംഭിക്കുന്നതു സംബന്ധിച്ച്  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനേസേഷന്‍ സ്റ്റേറ്റ് ഹെഡ്  രാജീവ് എം സി, ഉത്പ്പന്നങ്ങളുടെ പാക്കിംഗിനെ കുറിച്ച് സാം പാക്കേജിംങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ജിത്തു പി മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Share
അഭിപ്രായം എഴുതാം