എറണാകുളം: സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ വിദ്യാലയമാകാൻ ഒരുങ്ങി ചാവറ ദർശൻ പബ്ലിക് സ്കൂൾ

എറണാകുളം: സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ വിദ്യാലയമാകാൻ ഒരുങ്ങി കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂൾ. കുട്ടികളുടെ കൃഷിയിടത്തിലെ വ്ളാത്താങ്കര ചീരകൃഷി, കാർബൺ ന്യൂട്രൽ കൃഷിരീതികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള 34 ഇനം മുളകൾ കൊണ്ടുള്ള മുളവനം, അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ജൈവ അജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കുവാനുള്ള സംവിധാനങ്ങൾ, പരമ്പരാഗത ഊർജ്ജ സ്രോതസുകളുടെ ഉപയോഗം, എൽ.ഇ.ഡി ബൾബ്, സോളാർ പാനൽ എന്നിവയുടെ ഉപയോഗം എന്നിവ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.

സ്കൂളിൽ കാർബൺ ന്യൂട്രൽ ഭക്ഷണങ്ങൾ വിതരണം ചെയ്യുക, ഇത്തരം ഭക്ഷണ രീതികൾ കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്‌. സ്കൂൾ അങ്കണത്തിൽ മുളവനമുള്ള സംസ്ഥാനത്തെ ഒരേയൊരു വിദ്യാലയമാണ് ഇത്. പരിസ്ഥിതി സൗഹൃദ കൃഷി രീതികൾ, പ്രകൃതിദത്തമായ രീതിയിലുള്ള വളക്കൂട്ടുകളുടെ നിർമ്മാണം, പ്രകൃതി കീടനാശിനികളുടെ ഉപയോഗം, പാരിസ്ഥിതിക എഞ്ചിനീയറിംഗ് മുതലായ പ്രവർത്തനങ്ങൾ മാതൃകാപരമായി സ്കൂൾ അങ്കണത്തിൽ നടത്തിവരികയാണ്.

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് കാർബൺ ന്യൂട്രൽ കൃഷിരീതികൾ സ്കൂളിൽ നടത്തി വരുന്നത്.

Share
അഭിപ്രായം എഴുതാം