മതനിന്ദകരെ ജനമധ്യത്തില്‍ തൂക്കിലേറ്റണമെന്ന് സിദ്ദു

ചണ്ഡീഗഡ്: മതനിന്ദ ആരോപിച്ച് രണ്ടുപേരെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന പഞ്ചാബില്‍ മതനിന്ദയ്ക്കെതിരേ പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. മതനിന്ദകരെ ജനമധ്യത്തില്‍ തൂക്കിലേറ്റണമെന്നും സിദ്ദു. മാലേര്‍കോട്ലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്താണ് പി.സി.സി. അധ്യക്ഷന്റെ വാക്കുകള്‍. സംസ്ഥാനത്ത് ഒരു സമുദായത്തിനെതിരേ ഗൂഢാലോചന നടക്കുകയാണ്. മൗലികവാദികള്‍ പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിദ്ദു കുറ്റപ്പെടുത്തി. സംസ്ഥാനം തെരഞ്ഞെടുപ്പിലേക്കു നീങ്ങാനിരിക്കെ, മതനിന്ദയ്ക്കെതിരേ തുറന്നടിച്ച നേതാക്കള്‍ പോലും ആള്‍ക്കൂട്ടക്കൊലയെപ്പറ്റി അക്ഷരം പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി അടക്കം. ഇതിനിടെയാണ് സിദ്ദുവിന്റെ കടന്നാക്രമണം.അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലും കപൂര്‍ത്തലയിലുമാണ് മതനിന്ദയുടെ പേരില്‍ ആള്‍ക്കൂട്ടക്കൊല നടന്നത്. രണ്ടു കേസിലും കൊല്ലപ്പെട്ടത് ആരെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചാബില്‍ മതനിന്ദ വലിയ ചര്‍ച്ചാവിഷയമായി. ഇത്തരം സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ അന്നത്തെ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം തുറന്നടിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം