കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ജനുവരിയോടെയെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍ ആരംഭിക്കുമെന്നു സൂചന. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ ഉപദേശകസമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗം ചേര്‍ന്ന് ഇതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും ചര്‍ച്ചചെയ്ത് കര്‍മപദ്ധതി തയാറാക്കും. ഇതരരോഗങ്ങളുള്ള കുട്ടികള്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. മാര്‍ച്ചോടെ എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങാനാണ് ആലോചന. വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നതിനാല്‍ വാക്സിനേഷന്റെ അടുത്തഘട്ടത്തില്‍ കുട്ടികള്‍ക്കാകും മുന്‍ഗണന. മുതിര്‍ന്നവര്‍ക്കെല്ലാം അതിനുമുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കും. ബൂസ്റ്റര്‍ ഡോസ് വിഷയം നാഷണല്‍ ടെക്നിക്കല്‍ അെഡ്വെസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂെണെസേഷന്‍ ഇന്‍ ഇന്ത്യ(എന്‍.ടി.എ.ജി.ഐ)യുടെ പരിഗണനയിലാണുള്ളത്.യു.എസില്‍ 18-നുമേല്‍ പ്രായമുള്ളവര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മൂന്നുദിവസം മുമ്പ് ശിപാര്‍ശ നല്‍കിയിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക. ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഡ്രഗ് റെഗുലേറ്ററാണ് ആദ്യം നിര്‍ദേശിച്ചത്. ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, കാനഡ, ബ്രിട്ടന്‍, ദക്ഷിണകൊറിയ, തുര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നുണ്ട്. ഇസ്രയേല്‍, ചിലി, യുറുഗ്വേ എന്നിവിടങ്ങളില്‍ വിതരണം പൂര്‍ത്തിയായി.

ബൂസ്റ്റര്‍ ഡോസ് വിതരണത്തോടു ലോകാരോഗ്യസംഘടനയ്ക്കു യോജിപ്പില്ല. അവികസിതരാജ്യങ്ങള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കാന്‍ വൈകുന്നതാണു കാരണം. ആഫ്രിക്കയിലെ ജനസംഖ്യയില്‍ അഞ്ച് ശതമാനത്തിനു മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചത്. ബൂസ്റ്റര്‍ ഡോസിന്റെ ഫലപ്രാപ്തിക്കു ശാസ്ത്രീയതെളിവില്ലെന്നാണ് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവയുടെ നിലപാട്.

Share
അഭിപ്രായം എഴുതാം