ഉമ്മൻ ചാണ്ടി തന്റെ രക്ഷാകർത്താവെന്ന് ചെറിയാൻ ഫിലപ്പ് . ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റു പറ്റിയത് എനിക്കാണ്. കോൺഗ്രസ് നേതൃത്വം ചെറിയാൻ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാൻ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. അവുക്കാദർകുട്ടിനഹ പുരസ്‌കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

20 വർഷത്തിന് ശേഷം സമാന ചിന്താഗതിക്കാർ ഒരുവേദിയിലെത്തുന്നു എന്ന ആമുഖത്തോടെയാണ് ഉമ്മൻ ചാണ്ടി പ്രസംഗം തുടങ്ങിയത്. ഉമ്മൻ ചാണ്ടി തന്റെ രക്ഷാകർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തിൽ യാഥാർഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.ഇടതുപക്ഷവുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ഇടതു സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും 2018, 19 വർഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതർലൻഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടർനടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പരിഹസിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം