ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ 16കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 8.15ന് ബണ്ട്വാള്‍ ടൗണിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള സ്‌കൂളിലേക്ക് പോകുമ്പോഴാണ് പ്രതികള്‍ കാറില്‍ വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രതികളില്‍ ഒരാള്‍ കാറില്‍ നിന്നിറങ്ങി അയാള്‍ അവളുടെ സോഷ്യല്‍ മീഡിയ സുഹൃത്താണെന്ന് പറഞ്ഞു. എന്നാല്‍ അറിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിനിടെ, അയാള്‍ നല്‍കിയ ചോക്കലേറ്റ് വാങ്ങി ബാഗില്‍ ഇട്ടതിനു പിന്നാലെ താന്‍ ബോധരഹിതയായി വീണെന്നും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. ഉണര്‍ന്നപ്പോള്‍ അവള്‍ ഒരു കിടക്കയില്‍ ആയിരുന്നു, പ്രതികള്‍ അവളെ മാറിമാറി ബലാത്സംഗം ചെയ്തു. ഇതിനിടെ വീണ്ടും ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോള്‍, പെണ്‍കുട്ടി കാറില്‍ ആയിരുന്നു. തുടര്‍ന്ന് പ്രതി അവളെ ബണ്ട്വാള്‍ ടൗണിനടുത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോക്സോ നിയമപ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംസ്ഥാന വനിതാ കമ്മീഷന്‍ പ്രസിഡന്റ് പ്രമീള നായിഡു ദക്ഷിണ കന്നഡ പോലിസ് സൂപ്രണ്ടുമായി ബന്ധപ്പെടുകയും വിശദാംശങ്ങള്‍ തേടുകയും ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം: കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
