എറണാകുളം: ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഢംബര കപ്പല്‍ കോർഡിലിയ കൊച്ചിയിലെത്തി

കേരളത്തിലെ കോവിഡാന്തര ടൂറിസം സജീവമാകുന്നു

എറണാകുളം: കേരളത്തിലെ കോവിഡാന്തര ടൂറിസം സജീവമാകുന്നു. കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 399 ആഭ്യന്തര വിനോദ സഞ്ചാരികളുമായി കോർഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തി. 

മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 182 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകള്‍ അടുത്തറിയാനായി തീരത്ത് ഇറങ്ങിയത്. 217 സഞ്ചാരികൾ കൊച്ചിയിലിറങ്ങി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായാണ് കോര്‍ഡേലിയ ക്രൂയിസസിമന്റെ കപ്പല്‍ കൊച്ചിയില്‍ എത്തിയത്. 

കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ സന്ദർശകർക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെ സ്വീകരണം ഒരുക്കി. ആഡംബര നൗകകൾക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെർമിനലിലാണ് സഞ്ചാരികൾ ഇറങ്ങിയത്.

രാവിലെ 7 ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. 8 മണിയോടെ സഞ്ചാരികള്‍ പുറത്തിറങ്ങി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളിലുള്ള പൈതൃക –  സാംസ്കാരിക കേന്ദ്രങ്ങൾ, മറൈൻ ഡ്രൈവ്, മാളുകൾ  തുടങ്ങി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് പുറമെ ബോട്ടിൽ കായൽ സൗന്ദര്യവും ആസ്വദിച്ചാണ് തിരികെ ഒരു മണിയോടെ ക്രൂസിലെത്തിയത്. 

പ്രത്യേകം ബസ്സുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യാത്ര.

കൊച്ചിയിൽ നിന്ന്  ഏകദേശം 800 വിനോദ സഞ്ചാരികൾ ആഢംബര കപ്പലിൽ കയറും. വൊയേജര്‍ കേരളയാണ് ടൂര്‍ ഏജന്റ്. വൈകിട്ട് 4.30 ന് കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.

Share
അഭിപ്രായം എഴുതാം