തൊടുപുഴ : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ മരണം ക്രൂര കൊലപാതകമെന്ന് പോലീസ് കുറ്റപത്രം നല്‍കി. കേസില്‍ 65 സാക്ഷികളാണുളളത്. 250 പേരുടെ മൊഴികളടങ്ങിയ 300 പേജുളള കുറ്റപത്രമാണ് മുട്ടം പോക്‌സോ കോടതിയില്‍ പോലീസ് സമര്‍പ്പിച്ചത്. പ്രതി അര്‍ജുന്‍(22) അറസറ്റിലായി 78 ദിവസത്തിനുളളിലാണ് കുറ്റപത്ര സമര്‍പ്പണം. പ്രതി നിലവില്‍ മുട്ടം ജയിലിലാണ്.
2021 ജൂണ്‍30 നാണ് കേസിനാസ്‌പദമായ സംഭവം. സംഭവത്തില്‍ വണ്ടിപ്പെരിയാറിലെ എസ്‌റ്റേറ്റ് ലയത്തില്‍ പെണ്‍കഞ്ഞിനെ പീഡി്‌പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് ശാസ്‌ത്രീയ തെളിവുകള്‍ നിരത്തി പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം, പോക്‌സോ, തെളിവുനശിപ്പിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.
പെണ്‍കുഞ്ഞിന് മൂന്നുവയസുളളപ്പോള്‍ മുതല്‍ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. മിഠായിയും ഭക്ഷ്യവസ്‌തുക്കളും നല്‍കിയായിരുന്നു പീഡനമെന്ന പോലീസിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്ന സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്.പെണ്‍കുഞ്ഞ് കൊല്ലപ്പെട്ട ദിവസം പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ഉപദ്രവിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി വീണെന്നും പൊലീസ് പറയുന്നു. അനക്കമറ്റ് കിടന്ന കുട്ടി മരിച്ചെന്നുകരുതി കയര്‍കൊണ്ട് മുറിക്കുളളില്‍ കെട്ടിത്തൂക്കിയശേഷം പ്രതി ജനല്‍വഴി രക്ഷപെടുകയായിരുന്നു. കുട്ടി നിരന്തര പീഡനങ്ങള്‍ക്കിരയായെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ മുടി പ്രതിയുടേതാണെന്ന ശാസ്‌ത്രീയ പരിശോധനാ ഫലവും കേസിന് ബലമേകും