പ്ലസ് വൺ സീറ്റ്: ’90 % മാർക്ക് നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതി’, സർക്കാരിനെതിരെ മുനീർ

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രശ്നത്തിന്മേൽ കേരളത്തിലെ വിദ്യാർഥികളെ സർക്കാർ രണ്ടു തട്ടിലാക്കുകയാണെന്ന് മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീർ. ചിലയിടങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുമ്പോൾ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ലീഗ് പോരാട്ടം തുടരുമെന്നും മുനീർ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിൽ പോലും ബാച്ച് വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ല. ഈ രീതി മാറണമെന്നും മുനീർ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ റെയിൽ പദ്ധതിയെകുറിച്ച് പ്രതികരിച്ച എംകെ മുനീർ, ഭീമമായ പദ്ധതിക്ക് നിരവധി ബദൽ സാധ്യതകൾ ഉണ്ടെങ്കിലും സർക്കാർ പക്ഷേ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണെന്നും ആരെയും കേൾക്കാൻ പോലും തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നിൽ കച്ചവട- സ്ഥാപിത താൽപര്യങ്ങളുണ്ട്. തുടർ നടപടികൾ സ്വീകരിക്കുമെന്നും 23നു ചേരുന്ന യുഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും മുനീർ വ്യക്തമാക്കി.

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലിം ലീഗിലെ വിഭാഗീയത ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു സമാന്തര കമ്മിറ്റിയെക്കുറിച്ചുള്ള ചോദ്യത്തിന് മുനീറിന്റെ മറുപടി. പ്രശ്നങ്ങളുണ്ടെങ്കിൽ അത് കണ്ണൂരിൽ തന്നെ തീർക്കുമെന്നും ഹരിതയുമായി ബന്ധപ്പെട്ട് ആർക്കും ആശങ്ക ആവശ്യമില്ലെന്നും മുനീർ പറഞ്ഞു.

നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ക്യാമ്പസുകളിൽ തീവ്രവാദം വളരുന്നുവെന്ന് സിപിഎം പറയുന്നു, ഏത് ക്യാമ്പസുകളിലാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണമെന്നും മുനീർ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം