ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭനാ ജോര്‍ജ് രാജിവച്ചു

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭനാ ജോര്‍ജ് രാജിവച്ചു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിവരം.

ഖാദി ബോർഡിന്റെ ആദ്യ വനിതാ വെെസ് ചെയർപേഴ്സനായിരുന്നു ശോഭനാ ജോർജ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ശോഭനാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെയാണ് മൂന്നര വർഷത്തെ സേവനം ശോഭനാ ജോർജ് അവസാനിപ്പിക്കുന്നത്. ഇക്കാലയളവിൽ ശമ്പളം വാങ്ങാതെയാണ് പ്രവർത്തിച്ചതെന്ന് ശോഭനാ ജോർജ്ജ് രാജി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

തന്റെ സേവനം ഇനി ഏതു മേഖലയിൽ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ശോഭനാ ജോർജ് പ്രതികരിച്ചു. ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്.

കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭന പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018-ലാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് 2016-ല്‍ കോൺഗ്രസ് വിട്ടു. ശോഭനാ ജോർഡ് പാർട്ടി വിട്ടതിനുശേഷം ചെങ്ങന്നൂർ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ല. ഈ ആത്മബന്ധമാണ് രാജി പ്രഖ്യാപനം ചെങ്ങന്നൂരില്‍ നടത്താന്‍ കാരണമെന്ന് ശോഭനാ ജോർജ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം