തന്നോട് ആലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയെ അവഗണിക്കരുതായിരുന്നു;നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.കോട്ടയം ഡിസിസി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ്‌ എന്ന് പറഞ്ഞു. 17 വർഷം താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെപിസിസി പ്രസിഡന്‍റും ഉമ്മൻചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയത്. കെ കരുണാകരനും കെ മുരളീധരനും പാർട്ടിയിൽ പിന്നീട് തിരിച്ചു വന്നെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ വിമർശനം ഏറ്റുപിടിച്ച് കെ സി ജോസഫും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻചാണ്ടിയെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചില്ല. ചെന്നിത്തലയുടെ പ്രതികരണത്തോട് നോ കമന്‍റ്സ് എന്നായിരുന്നു മറുപടി. സംഘടനാ തെരഞ്ഞടുപ്പ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ, ആരും തടസ്സമാകില്ലെന്നും സതീശന്‍ പറഞ്ഞു

Share
അഭിപ്രായം എഴുതാം