ആലപ്പുഴ: സിക്ക വൈറസ്: പ്രതിരോധവുമായി ബുധനൂര്‍ പഞ്ചായത്ത്

ആലപ്പുഴ: സിക്ക വൈറസ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബുധനൂര്‍ ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പുഷ്പലത മധുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

യുദ്ധകാല പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ദിവസം കൊണ്ട് കൊതുക് -കൂത്താടികള്‍ എന്നിവയെ നശിപ്പിക്കുകയും ഇവയുടെ ഉറവിടമായേക്കാവുന്ന ചെറു വെള്ളക്കെട്ടുകളില്‍ അടക്കം കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തു. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍, 50-60 വീടുകള്‍ ഉള്‍പ്പെടുന്ന വാര്‍ഡ് തല ക്ലസ്റ്ററുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണവും നടത്തിയത്. വാര്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

വീടുകളില്‍ കൊതുക് വളരുന്നത് തടയുന്നതിനായി ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള ശുചീകരണ സാമഗ്രികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റ്റി. സുജാത, പഞ്ചായത്ത് സെക്രട്ടറി സി. പി. വിന്‍സെന്റ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍. ഷീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

Share
അഭിപ്രായം എഴുതാം