എറണാകുളം: മന്ത്രി സജി ചെറിയാൻ കുഫോസ് സന്ദർശിച്ചു

കുഫോസ്  ചെല്ലാനം മത്സ്യഗ്രാമ പദ്ധതിയുടെ കരട് റിപ്പോർട്ട് സമർപ്പിച്ചു.

എറണാകുളം : ഫിഷറീസ്‌ – സാംസ്കാരിക – യുവജനകാര്യ വകുപ്പ്‌ മന്ത്രി സജി ചെറിയാൻ  പുതുവൈപ്പ്‌ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) ക്യാമ്പസ്‌ സന്ദര്‍ശിച്ചു. ക്യാമ്പസിലെ കണ്ടൽ നഴ്സറിയുടെയും മീൻ വളർത്തൽ കേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തി. നിരന്തരമായ കടൽക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം തീരപ്രദേശത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പദ്ധതികളുടെ കരട് റിപ്പോർട്ട് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. മാതൃക മത്സ്യഗ്രാമം പദ്ധതി നടപ്പിത്തിപ്പിന്റെ ചുമതല സർക്കാർ കുഫോസിനാണ് നൽകിയിക്കുന്നത്. ഫിഷറീസ് മന്ത്രി സജി ചെറിയാന് കുഫോസ് വൈസ് ചാൻസലർ ഡോ.റിജി ജോൺ കരട് റിപ്പോർട്ട് കൈമാറി. 

കുഫോസിൽ പലതവണ നടന്ന വിദഗ്ദരുടെ കൂടിയോലോചനകളിൽ ഉരുതിരിഞ്ഞ നിർദ്ദേശങ്ങൾക്ക് ഒപ്പം ചെല്ലാനത്തെ ജനങ്ങളുടെ തദ്ദേശിയ വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ.റിജി ജോൺ പറഞ്ഞു.  ഇതിന് വേണ്ടി കുഫോസ് സംഘം ചെല്ലാനത്ത് ഫീൽഡ് സർവ്വേ നടത്തിയിരുന്നു.

സാധ്യമായിടത്തെല്ലാം കണ്ടൽകാടുകളുടെ ജൈവഭിത്തി തീർക്കുക. കടലെടുത്തുപോയ ബീച്ച് പുനസ്ഥാപിക്കാൻ പോർട്ട് ട്രസ്റ്റ് നടത്തുന്ന ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണ്ണ് ഉപയോഗപ്പെടുത്തുക, കരയിലേക്ക് എത്തുന്ന വെള്ളം ഒഴിഞ്ഞുപോകാൻ ഉണ്ടായിരുന്ന നൂറോളം കനാലുകൾ പുനസ്ഥാപിക്കുക, കൃഷിയും കാലിവളർത്തലും തിരിച്ചുകൊണ്ടുവരാൻ ഉതകുന്ന നടപടികൾ സ്വീകരിക്കുക എന്നിവയാണ് കരട് റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ. പൂർണ്ണമായി റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കും.

 കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ,  കുഫോസ് രജിസ് ട്രാർ ഡോ.ബി.മനോജ് കുമാർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ആർ ഗിരിജ, ചെല്ലാനം പദ്ധിതിയുടെ കുഫോസ് നോഡൽ ഓഫിസർ ഡോ.കെ.ദിനേഷ് , ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീലു എൻ.എസ് , ഡെപ്യൂട്ടി ഡയറക്ടർ നൗഷർ ഖാൻ, ജോയിന്റ് ഡയറക്ടർമാരായ ഇഗ്നേഷ്യസ് മൺട്രോ , സാജു എം.എസ്, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം