ഒരിക്കൽ കൊവിഡ് വന്ന് പോയവരില്‍ വീണ്ടും കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം

മുംബൈ: ഒരിക്കൽ കൊവിഡ് വന്ന് പോയവരില്‍ വീണ്ടും കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനം. കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ച പൂനെയില്‍ നിന്നുള്ള ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കൊവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്താനായതെന്ന് പൂനെയിലെ ഡി വൈ പാട്ടീല്‍ മെഡിക്കല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റുകളും കമ്മ്യൂണിറ്റി മെഡിസിന്‍ വിദഗ്ധരും പറഞ്ഞു.

ഒന്‍പത് മാസത്തോളം നീണ്ടുനിന്ന പഠനത്തില്‍ കൊവിഡ് വന്ന് ഭേദമായ 1081 പേരില്‍ പഠനം നടത്തി. അതില്‍ 13 പേര്‍ക്ക് മാത്രമാണ് വീണ്ടും വെെറസ് ബാധ ഉണ്ടായതെന്ന് പഠനത്തില്‍ പറയുന്നു. കൊവിഡ് വന്ന് പോയവരില്‍ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത 1.2 ശതമാനം മാത്രമാണെന്നും കണ്ടെത്തി.

രണ്ടാമത് കൊവിഡ് ബാധിച്ച്‌ 13 പേരിലും നേരിയ തോതില്‍ മാത്രമാണ് വൈറസ് ബാധ ഉണ്ടായതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കൊവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെ പെട്ടെന്ന് എത്താമെന്ന് ക്ലിനിക്കല്‍ എപ്പിഡെമോളജിസ്റ്റും ​ഗവേഷകനുമായ അമിതവ് ബാനര്‍ജി പറഞ്ഞു.

Share
അഭിപ്രായം എഴുതാം