എറണാകുളം: ‘ലഹരിക്കെതിരെ കൈകോർക്കാം : ലഹരി വിമുക്ത എറണാകുളം’ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി : ‘ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം’ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേത്യത്വത്തിൽ നടന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈൻ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു. 3 വിഭാഗങ്ങളിലായി 137 പേർ പ്രസംഗ മത്സരത്തിൽ പങ്കെടുത്തു. ലഹരി വിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം  നടത്തുന്ന “നശാ മുക്ത് ഭാരത് അഭിയാൻ” പദ്ധതിയുടെ  ഭാഗമായാണ് പ്രചാരണ പരിപാടി നടക്കുന്നത്. കേന്ദ്ര മന്ത്രാലയം നടത്തിയ വിവരശേഖരണത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗമുള്ള ജില്ലകളിലൊന്നായി എറണാകുളം ജില്ലയെയും കണ്ടെത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന പ്രസംഗമത്സരത്തിൽ 15 വയസ്സ് വരെയുള്ള വിഭാഗത്തിൽ ഫാത്തിമ ഇല്യാസ് ഒന്നാം സ്ഥാനവും എൽസ വിൻസെന്റ് രണ്ടാം സ്ഥാനവും ആമിന പി.എ. മൂന്നാം സ്ഥാനവും നേടി.

16 മുതൽ 25 വയസ് വരെയുള്ള വിഭാഗത്തിൽ നവീൻ ബിജു ഒന്നാം സ്ഥാനവും അന്ന ഷിജു രണ്ടാം സ്ഥാനവും സെലിൻ മേരി ജോസഫ് മൂന്നാം സ്ഥാനവും നേടി. 26 വയസ്സ്   മുതലുള്ള വിഭാഗത്തിൽ റോയി വി എബ്രഹാം , ഷാർമിൻ ജോസ് വൈ, ജോസ്മി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും  ലഹരി വിരുദ്ധ തീവ്രയത്നത്തിന്റെ സമാപന ചടങ്ങിൽ  വിതരണം ചെയ്യുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം