തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി പരിശോധിച്ചു

തൃശ്ശൂർ: ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈല്‍ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി പരിശോധിച്ചതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കണക്ടിവിറ്റി ലഭിക്കുന്നില്ലെന്ന് വിവിധ ഇടങ്ങളില്‍ നിന്ന് 1500 ഓളം പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ നാല് പ്രധാന മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനദാദാക്കളെ ഉപയോഗിച്ചാണ് സ്ഥല പരിശോധന നടത്തിയത്. അക്ഷാംശ, രേഖാംശ രേഖകളുടെ അടിസ്ഥാനത്തില്‍ സേവനദാതാക്കളുടെ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയില്‍ പരാതി ലഭിച്ച ഭൂരിഭാഗം പ്രദേശങ്ങളിലും ഏതെങ്കിലും ഒരു നെറ്റ് വര്‍ക്ക് സേവനദാതാവിനെങ്കിലും ശക്തമായ നെറ്റ് വര്‍ക്ക് സംവിധാനം ഉണ്ടെന്ന് കണ്ടെത്തി. 

മൊബൈല്‍ കണക്ടിവിറ്റിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഈ പട്ടിക പരിശോധിച്ച് അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് തന്നെ ഏതാണ് ശക്തമായ മൊബൈല്‍ നെറ്റ് വര്‍ക്കെന്ന് സ്വയം മനസ്സിലാക്കാമെന്നും കലക്ടര്‍ പറഞ്ഞു. ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് നമ്പരുകള്‍ മാറാതെതന്നെ ശക്തമായ നെറ്റ് വര്‍ക്കുകള്‍ ലഭ്യമാക്കുന്ന സേവനദാതാക്കളെ തിരഞ്ഞെടുക്കാവുന്നതാണ്.  https://thrissur.nic.in/document/online-education-issues/                             എന്ന ലിങ്ക് മുഖേന അതത് പ്രദേശത്ത് കൂടുതല്‍ ശക്തമായ നെറ്റ് വര്‍ക്ക് ഏത് സേവനദാദാവിന്റെയാണെന്ന് അറിയാം.

നെറ്റ് വര്‍ക്ക് സംബന്ധിച്ച സംശയങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട്  നെറ്റ് വര്‍ക്കുകളുടെ അഭാവത്തിലോ നെറ്റ് വര്‍ക്ക് പരിധി സംബന്ധിച്ച മറ്റ് വിവരങ്ങള്‍ക്കോ ജില്ലാ ഭരണകൂടത്തിലെ കണ്‍ട്രോള്‍ റൂമിന്റെ സേവനം തേടാം. നമ്പര്‍ – 9400063426, 9400063427. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5വരെയാണ് സേവനം.

Share
അഭിപ്രായം എഴുതാം