ഓൺലൈൻ ചൂതാട്ടവും വാതുവയ്പും നിരോധിക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ് സർക്കാർ , 132 സൈറ്റുകളെ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി ജഗൻ മോഹൻ റഡ്ഢി

വിജയവാഡ: എല്ലാ ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ട, വാതുവയ്പ്പ് സൈറ്റുകളും ആപ്ലിക്കേഷനുകളും സംസ്ഥാനത്ത് നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. ഇത്തരത്തിലുള്ള 132 സൈറ്റുകളെ തിരിച്ചറിഞ്ഞതായും സർക്കാർ പറയുന്നു.
വാതുവയ്പ് ,ചൂതാട്ട സൈറ്റുകൾ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ എല്ലാ ഇൻറർനെറ്റ് സേവന ദാതാക്കൾക്കും നിർദ്ദേശം നൽകണമെന്ന് കേന്ദ്ര വാർത്താവിനിമയ ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയത്തോട് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു.

ഓൺ‌ലൈൻ ഗെയിമിംഗും വാതുവയ്പ്പും കടുത്ത സാമൂഹിക തിന്മയായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ ജഗൻ മോഹൻ റഡ്ഢി പറഞ്ഞു.
“ഇത് വലിയൊരു വിഭാഗം യുവാക്കളുടെ ജീവിതം തന്നെ നശിപ്പിക്കുകയാണ്. വീട്ടിൽ നിന്നു തന്നെ ചൂതാട്ടം നടത്താം എന്നത് അങ്ങേയറ്റം അപകടകരമാണ്. “
അദ്ദേഹം പറഞ്ഞു.

ഓൺ‌ലൈൻ ഗെയിമിംഗും വാതുവയ്പ്പും ഒരു കോഗ്നിസബിൾ ആയി ഉൾപ്പെടുത്തുന്നതിനായി 1974 ലെ ആന്ധ്രപ്രദേശ് ഗെയിമിംഗ് ആക്റ്റ് ഭേദഗതി ചെയ്തതായും ജഗൻ മോഹൻ റഡ്ഢി കത്തിൽ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം