ബംഗളൂരു സ്‌ഫോടനം, ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും.

തിരുവനന്തപുരം: റിയാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും. വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ തിരഞ്ഞ കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഇവരെ റിയാദില്‍ നിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത്. 21-9-2020 വൈകിട്ട് 6.15 ഓടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം മൂന്നു മണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍ ചോദ്യം ചെയ്തു. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എയുടെയും റോയുടെയും 25 ഓളം ഉദ്യോഗസ്ഥരെത്തിയത്. റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ റോ നിരീക്ഷണം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു. കേരള പൊലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല.
ബംഗളുരു സ്‌ഫോടന കേസിലെ വിചാരണ ബംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി 31ാം പ്രതിയാണ്.

2008 ജൂലായ് 25നാണ് ബംഗളൂരുവില്‍ ഒമ്പതിടങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തിയത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലെ 32-)0 പ്രതിയാണ് ഷുഹൈബ്. ഇയാള്‍ 2014 ല്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് അവിടെ തന്നെ വിവാഹിതനായി ബിസിനസ് നടത്തുകയാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദില്‍ വന്നുപോകുന്നതായും ഇന്റര്‍പോളില്‍ നിന്ന് എന്‍.ഐ.എയ്ക്കു വിവരം ലഭിച്ചു. തുടര്‍ന്നാണ് പിടികൂടിയത്. തീവ്രവാദക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ രൂപീകരിച്ച ഇന്ത്യന്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ സ്വദേശിയായ ഷുഹൈബ്. എട്ടിലധികം സ്‌ഫോടനക്കേസുകളില്‍ ഷുഹൈബ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് സ്‌ഫോടനക്കേസുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നും സംശയിക്കുന്നു. ഇയാള്‍ കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

യുപി സ്വദേശിയായ ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയിബയുടെ പ്രവര്‍ത്തകനാണ്. ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയിബയിലേക്കും മാറി. കേസിലെ നാലു പ്രതികള്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കേസിലെ 32 പ്രതികളില്‍ 26 പേരും മലയാളികളാണ്.

Share
അഭിപ്രായം എഴുതാം