92 കാരിയെ കഴുത്തറുത്ത്‌ കൊന്നു

പത്തനംതിട്ട: 92 കാരിയായ സ്‌ത്രീയെ കഴുത്തറുത്തു കൊന്നു. പത്തനംതിട്ട കുമ്പഴയിലാണ്‌ സംഭവം . കുമ്പഴ മനയത്ത്‌ വീട്ടില്‍ ജാനകിയാണ്‌ കൊല്ലപ്പെട്ടത്‌ ഇവരുടെ വീട്ടില്‍ സഹായി ആയിരുന്ന തമിഴ്‌ നാട്ടുകാരനായ മൈല്‍ സ്വാമി(62) പോലീസിന്‌ കീഴടങ്ങി.

സെപ്‌തംബര്‍ 7 തിങ്കളാഴ്‌ച രാവിലെ ഏഴരയോടെയാണ്‌ സംഭവം നടക്കുന്നത്‌. കറിക്കത്തി ഉപയോഗിച്ച്‌ കഴുത്തറുത്താണ്‌ കൊല നടത്തിയത്‌. വീട്ടിലെ സ്വീകരണ മുറിയില്‍ അടുക്കളയോട്‌ ചേര്‍ന്നാണ്‌ മൃതദേഹം കിടന്നിരുന്നത്‌. മൂന്നുപേജുളള ഒരു കത്തെഴുതി വെച്ചിട്ടാണ്‌ ഇയാള്‍ കൃത്യം നടത്തിയത്‌.

തനിച്ചുതാമസിച്ചിരുന്ന ജാനകിയുടെ സഹായത്തിനായി നിന്നിരുന്ന ഇയാളുടെ ബന്ധുകൂടിയായ തമിഴ്‌നാട്ടുകാരിയായ പുഷ്‌പ്പയെന്നുവിളിക്കുന്ന ഭൂപതി എന്ന സ്‌ത്രീ വിവാഹാ ഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ മനപ്രയാസത്തില്‍ ജയിലില്‍ പോകാനാണ്‌ കൊല നടത്തിയതെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. മയില്‍ സ്വാമി ഒരു വര്‍ഷം മുമ്പ്‌ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന്‌ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയും രക്ഷപെടുകയും ചെയ്‌തിരുന്നു. മാനസീക വിഭ്രാന്തിക്ക്‌ ഇയാള്‍ ചികിത്സ തേടിയിരുന്നതായും പറയുന്നു.

ഇന്നലെ രാവിലെ മത്സ്യ വില്‍പ്പനക്കാരന്‍ വന്നപ്പോള്‍ പുറത്തേ ക്കുവന്ന അയല്‍വാസിയായ സ്‌ത്രിയോട്‌ താന്‍ ജാനകിയെ കൊന്നതായും പത്രത്തില്‍ ഒരുകത്ത്‌ വെച്ചിട്ടുണ്ടെന്നും അത്‌ വായിച്ചു നോക്കണമെന്നും പറഞ്ഞിട്ട്‌ അകത്തേക്ക്‌ പോയി കതകടക്കുകയായിരുന്നു. അവര്‍ ആളുകളെ വിളിച്ചുകൂട്ടി പോലീസില്‍ വിവരം അറിയിച്ചു.

ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണിന്‍റെ നേതൃത്വത്തില്‍ പോലീസും ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടു ണ്ടോയെന്ന്‌ പരിശോധിക്കും .കോവിഡ്‌ പരിശോധനക്കും പോസ്‌റ്റ്‌ മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.പരേതനായ ദാമോദരനാണ്‌ ജാനകിയുടെ ഭര്‍ത്താവ്‌. മക്കള്‍ ചന്ദ്രബോസ്‌(വിശാഖപട്ടണം),സുഷമ(പെരുനാട്‌)അജയ്‌ഘോഷ്‌(ഇലവുംതിട്ട),മരുമക്കള്‍ ഗിരിജ,അനിരുദ്ധന്‍, ബിന്ദു.

Share
അഭിപ്രായം എഴുതാം