കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു

കൊല്ലം: പത്തനാപുരം കാടാശ്ശേരിയില്‍ നിന്നും കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു. 2020 ഓഗസ്‌റ്റ്‌ 19 നാണ്‌ രാഹുലിനെ കാണാതായത്‌. വനം വകുപ്പുദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ തെരച്ചില്‍ നടത്തുന്നത്‌.

രാത്രിയില്‍ കിടന്നുറങ്ങിയ രാഹുലിലെ ഷെഡില്‍ നിന്ന്‌ കാണാതാവുക യായിരുന്നു. വനത്തിനോട്‌ ചേര്‍ന്നാണ്‌ രാഹുലിന്‍റെ വീട്‌. മൊബൈല്‍ ഗെയിം കളിക്കുന്നതില്‍ താല്‍പ്പര്യമുളള രാഹുല്‍ മൊബൈല്‍ റേഞ്ച്‌ തേടി പലപ്പോഴും വനത്തിനുളളിലേക്ക്‌ പോകാറുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. അത്തരത്തില്‍ വനത്തിനുളളില്‍ വച്ച്‌ അപകടം സംഭവിച്ചിരിക്കാനാണ്‌ സാധ്യതയെന്നാണ്‌ പ്രഥമീക നിഗമനം. പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീടിനോട്‌ ചേര്‍ന്ന വനത്തിനുളളില്‍ 10 കിലോമീറ്റര്‍ ചുറ്റളവിനുളളില്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പുലിയുള്‍പ്പടെ ധാരാളം വന്യമൃഗങ്ങള്‍ ഉളള വനപ്രദേശമാണ്‌ കാടാശ്ശേരി.

രാഹുലിന്‍റെ മാതാപിതാക്കളേയും ബന്ധുക്കളേയും നിരവധി തവണ പോലീസ്‌ ചോദ്യം ചെയ്‌തു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. പത്താംക്ലാസ്‌ പഠനം പൂര്‍ത്തിയാക്കിയ രാഹുല്‍ തുടര്‍ പഠനത്തിനുളള തയ്യാറെടുപ്പിലായിരുന്നു. തെരച്ചില്‍ തുടരാനാണ്‌ തീരുമാനം.

Share
അഭിപ്രായം എഴുതാം