വ്യാജ നോട്ടടിക്കുന്ന കുപ്രസിദ്ധ സാമൂഹിക വിരുദ്ധന്‍ എന്‍.ഐ.എയുടെ പിടിയില്‍

കൊല്‍ക്കത്ത: വ്യാജ നോട്ടടിക്കുന്ന  കുപ്രസിദ്ധ സാമൂഹിക വിരുദ്ധന്‍ എന്‍.ഐ.എയുടെ പിടിയില്‍. ബി.എസ്.എഫിന്റെ സഹായത്തോടെയാണ് പ്രതിയായ ഇനാമുല്‍ ഹക്കിനെ  എന്‍ഐഎ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള ഇയാളെ നാളെ മാള്‍ഡയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇയാളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ട് പ്രചരിപ്പിക്കുന്നതിനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി ബംഗ്ലാദേശിലെ കൂട്ടാളികളുമായി  സംഘടിത എഫ്ഐസിഎല്‍ റാക്കറ്റ് നടത്താനും ലക്ഷ്യമിട്ടു. എന്നാല്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു എന്‍.ഐ.എ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ ഹക്ക് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിക്കപ്പുറത്തുള്ള തന്റെ കൂട്ടാളികളില്‍ നിന്ന് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ട് ഇയാള്‍ വാങ്ങിക്കൂട്ടിയിരുന്നു. കൂട്ടാളികളായ മുഹമ്മദ് മഹാബൂബ് ബെയ്ഗ്, സയ്യിദ് ഇമ്രാന്‍ എന്നിവര്‍ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ പ്രതിയായ ഇനാമുല്‍ ഹക്ക് പ്രധാന പങ്കു വഹിച്ചതായി ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിവില്‍ പോയ പ്രതിയായ ഇനാമുല്‍ ഹക്കിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് ബിഎസ്എഫിന്റെ സഹായത്തോടെ മാല്‍ഡയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം