ഡൽഹിയിൽ ചേരികളിലെ 48,000 കുടിലുകൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: റെയിൽവേ പാളങ്ങൾക്ക് ഇരുവശവുമായി സ്ഥിതിചെയ്യുന്ന 48,000 കുടിലുകൾ മൂന്നുമാസത്തിനകം നീക്കംചെയ്യാൻ സുപ്രീം കോടതി ഉത്തരവ്.

ഡൽഹി നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (എൻ.സി.ടി) യുടെ 140 കിലോമീറ്റർ നീളം വരുന്ന റെയിൽവേ പാളങ്ങളുടെ സുരക്ഷാ മേഖലയിലാണ് ഈ ചേരികളും കുടിലുകളും സ്ഥിതി ചെയ്യുന്നത്.

പൊതു താൽപര്യ ഹർജികൾക്ക് പേരുകേട്ട എം.സി. മേത്ത എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിലെ ആഗസ്റ്റ് 31ലെ വിധിപ്രഖ്യാപനം.

ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു കോടതികൾ തടസ്സം ഉന്നയിക്കാൻ പാടില്ലെന്നും യാതൊരുവിധമായ രാഷ്ട്രീയ ഇടപെടലുകൾ പാടില്ലെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്.

35 വർഷമായി സുപ്രീം കോടതിയിൽ നിലനിൽക്കുന്ന മലിനീകരണവുമായി ബന്ധപ്പെട്ട് ശ്രീ മേത്ത നൽകിയ പരാതിയിലാണ് ഈ വിധി.

ഡൽഹി സർക്കാരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇന്ത്യൻ റെയിൽവേയുമടങ്ങുന്നവരാണ് ആണ് കേസിലെ എതിർകക്ഷികൾ .

റെയിൽപാളങ്ങളോട് ചേർന്നുള്ള റെയിൽവേയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ സ്ഥലം കയ്യേറി സ്ഥാപിച്ച ധാരാളം കുടിലുകൾ ഉണ്ട് എന്നും 2018-ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിപ്രകാരം ഓഴിപ്പിക്കൽ നടപടികൾക്കായി പ്രത്യേക കർമ്മ സേന നിലവിലുണ്ട് എന്നും റെയിൽവേ ബോധിപ്പിച്ചു. എന്നാൽ രാഷ്ട്രീയ ഇടപെടലുകൾ ഒഴിപ്പിക്കലിനെ ബാധിക്കുന്നുവെന്നും റെയിൽവേ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം