മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് മരണവിവരം അറിയിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം കോമയിലായിരുന്ന അദ്ദേഹം കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ചികിത്സയിലിരിക്കെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു.

രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു. രാഷ്ട്രത്തിന്റെ പ്രഥമ പൗരനായി പ്രവര്‍ത്തിക്കുമ്പോള്‍ നാല്‍പത് വര്‍ഷത്തിന് മേല്‍ പാര്‍ലമെന്റ് അംഗമായതിന്റെ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തി, ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളി ധനമന്ത്രി എന്നീ ഖ്യാതികളും അദ്ദേഹത്തിനുള്ളതാണ്.

രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായിരുന്നു. (1982 1985). കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, എഐസിസി ട്രഷറര്‍, കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി ട്രഷറര്‍, എഐസിസിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എഐസിസിയുടെ ഇക്കണോമിക് അഡൈ്വസറി സെല്‍ അധ്യക്ഷന്‍, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ലോക ബാങ്കിന്റെ എമേര്‍ജിങ് മാര്‍ക്കറ്റ്സ് എന്ന പ്രസിദ്ധീകരണത്തിന്റെ ഫിനാന്‍സ് മിനിസ്റ്റര്‍ ഓഫ് ദി ഇയര്‍ ഫോര്‍ ഏഷ്യ പുരസ്‌കാരം (2010). ന്യൂയോര്‍ക്കിലെ ‘യൂറോ മണി’ എന്ന പ്രസിദ്ധീകരണം 1984ല്‍ ലോകത്തിലെ മികച്ച ധനമന്ത്രിമാരില്‍ ഒരാളായി തിരഞ്ഞെടുത്തു. 2007ല്‍ പത്മവിഭൂഷണ്‍ ബഹുമതി. 2010 ഡിസംബറില്‍ ദ് ബാങ്കര്‍ എന്ന പ്രസിദ്ധീകരണം ഫിനാന്‍സ് മിനിസ്റ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. 2011ല്‍ വോള്‍വറാംടണ്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി.

സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജ്‌ലക്ഷ്മി മുഖര്‍ജിയുടെയും മകനായി 1935 ഡിസംബര്‍ 11ന് പശ്ചിമ ബംഗാളിലെ മിറാതി ഗ്രാമത്തില്‍ ജനനം. സുരി വിദ്യാസാഗര്‍ കോളജില്‍ നിന്നും ബിരുദം സ്വന്തമാക്കി. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും രാഷ്ട്രതന്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം. തുടര്‍ന്ന് കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും സ്വന്തമക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ യു.ഡി ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കൊല്‍ക്കത്ത വിദ്യാസാഗര്‍ കോളജില്‍ രാഷ്ട്രമീംമാസയില്‍ അസി. പ്രൊഫസറായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ സുവ്രാ മുഖര്‍ജി. മക്കള്‍: ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത് മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി.

Share
അഭിപ്രായം എഴുതാം