കോവിഡ് മൂലം ഒരു ഇന്ത്യൻ ഗോത്രജനത ഇല്ലാതാകലിന്റെ വക്കിൽ

പോർട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ ഗോത്ര വിഭാഗക്കാർക്കിടയിലും കൊറോണ വ്യാപിക്കുന്നു. അന്യം നിൽക്കലിന്റെ വക്കിലെത്തി നിൽക്കുന്ന ഗ്രേറ്റർ ആൻഡമാനിസ് വിഭാഗത്തിൽപ്പെട്ട അഞ്ച് പേർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതേ വിഭാഗത്തിലെ ആറ് പേർക്ക് ഒരു മാസം മുൻപ് രോഗം പിടിപെട്ടിരുന്നു. ആദ്യം രോഗം ബാധിച്ചവർ രോഗമുക്തരായി ഏതാനും ആഴ്ചകൾ കഴിയുമ്പോഴാണ് ഇപ്പോൾ വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ആകെ 60 പേർ മാത്രം അവശേഷിക്കുന്ന ഗോത്ര വിഭാഗമാണ് ഗ്രേറ്റ് ആൻഡമാനീസ്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആൻഡമാനിലെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ഡോ.അവിജിത് റോയ് പറഞ്ഞു.

ഗ്രേറ്റർ ആൻഡമാനീസ് വിഭാഗക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടയായ സർവൈവൽ ഇൻറർനാഷണൽ പറയുന്നു. കൂടുതൽ ഉൾപ്രദേശങ്ങളിലെ മറ്റു സമൂഹങ്ങളിലേക്ക് രോഗം എത്താതിരിക്കാൻ അടിയന്തരമായ ഇടപെടലുകൾ സർക്കാർ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു .

ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയവർ ആൻഡമാൻ പ്രധാന ദ്വീപിലേക്ക് വന്നിരിക്കാമെന്നും അവിടെ നന്നാകാം രോഗബാധ ഉണ്ടായതെന്നും ആണ് അധികൃതർ സംശയിക്കുന്നത്. അതീവശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങളുടെ നരവംശ ചരിത്രമുള്ള ഒരു ഗോത്ര വിഭാഗം എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും ഇല്ലാതാകും.

Share
അഭിപ്രായം എഴുതാം