നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കള്‍; വിളവെടുപ്പിനൊരുങ്ങി പുല്ലൂര്‍ പെരിയയിലെ മല്ലികപ്പൂക്കള്‍

കാസര്‍കോട് : നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോടിന്റെ ക്യാമ്പയിനിന് മാതൃകയൊരുക്കി പുല്ലൂര്‍ പെരിയ പഞ്ചായത്ത്. 31 ഏക്കര്‍ സ്ഥലത്ത് പത്ത് പ്ലോട്ടുകളിലാക്കി തിരിച്ച് നടത്തിയ മിശ്ര കൃഷിക്ക് വരമ്പുകളില്‍ നിറയെ മഞ്ഞയും ഓറഞ്ചും നിറത്തില്‍ മല്ലികപൂ നിറഞ്ഞു. പൂവിളികളുയര്‍ന്നതോടെ നാടാകെ പൂക്കൊട്ടകളുമായി ഗ്രാമീണതയിലേക്ക് അലിഞ്ഞ് നാട്ടു പൂക്കള്‍ ശേഖരിക്കുമ്പോള്‍ കൃഷിയിടത്തില്‍ പൂക്കള്‍ വിരിയിച്ച് മാതൃകയാവുകയാണ് ഈ പഞ്ചായത്ത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചാലിങ്കാല്‍ രാവണേശ്വരം പാതയോരത്ത് തരിശ്ശായി കിടന്ന് തീപ്പിടുത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.

പെരിയ അഗ്രോസര്‍വ്വീസ് സെന്റര്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് ആദ്യ ഘട്ടത്തില്‍ നാല് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് ഇളക്കി. ശേഷം ട്രാക്ടര്‍ ഇറക്കി മണ്ണിനെ കൃഷിയോഗ്യമാക്കി. പിന്നീട് മൂന്നാം ഘട്ടമായി തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഏല്‍പ്പിച്ച് കൃഷിഭൂമി വിവിധ പ്ലോട്ടുകളായി തിരിച്ചു. അഗ്രോ സര്‍വ്വീസ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. ഇവിടെ നെല്ല്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മഞ്ഞള്‍, കൂവ തുടങ്ങി വിവിധ ഇനങ്ങള്‍ കൃഷി ചെയ്തു. ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ബാങ്കുകള്‍ തുടങ്ങി വിവിധ സംഘങ്ങള്‍ കൃഷി ഇറക്കി. ഓരോ സംഘത്തിന്റേയും കൃഷി ഭൂമിക്ക് ചുറ്റുമായി മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള മല്ലികപൂക്കള്‍ നട്ടു. ഈ സമയത്ത് നെല്ലിനേയും മറ്റ് വിളകളേയും കീടങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ഒരു മികച്ച ജൈവ കീട നിയന്ത്രണ രീതി എന്ന നിലയിലും ഓണപ്പൂക്കള്‍ വിളവെടുക്കാം എന്ന ആശയത്തിന്റെ പുറത്തുമാണ് പൂ കൃഷി നടത്തിയത്. പൂക്കളുടെ തൈകള്‍ കൃഷിഭവനില്‍ നിന്നും വീടുകളില്‍ നിന്നുമായി ശേഖരിച്ചു. ഉടന്‍ വിളവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. പഞ്ചായത്തിലാകെ നൂറ് ഏക്കറോളം തരിശ് ഭൂമിയില്‍ ഇത്തവണ കൃഷി ഇറക്കിയിട്ടുണ്ടെന്നും പല സംഘങ്ങളുടേയും പച്ചക്കറികള്‍ ഓണ വിപണിയിലേക്ക് എത്തിക്കുവാന്‍ സാധിക്കുമെന്നും പുല്ലൂര്‍പെരിയ കൃഷി ഓഫീസര്‍ പ്രദീപ് കുമാര്‍ പറഞ്ഞു.

31 ഏക്കര്‍ സ്ഥലത്ത് വിവിധ വിളകളൊരുക്കിയ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കൃഷിയിടം കൃഷി വിദഗ്ധ സംഘം സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ സ്മിത ഹരിദാസ്, കാസര്‍കോട് കൃഷി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജ്യോതികുമാരി കെ.എന്‍, പെരിയ കൃഷി ഓഫീസര്‍പ്രമോദ്കുമാര്‍ പി എന്നിവര്‍ സന്ദര്‍ശിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7396/Flower-cultivation.html

Share
അഭിപ്രായം എഴുതാം