തിരുവനന്തപുരം ലൈഫ് മിഷന് 2.75 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി സുകുമാരന്‍ വൈദ്യന്‍

തിരുവനന്തപുരം : കാട്ടാക്കട പൂവച്ചല്‍ പന്നിയോട് ശ്രീലക്ഷ്മിയില്‍ ആയുര്‍വേദ ത്തില്‍ പരമ്പരാഗത ചികിത്സ നടത്തുന്ന സുകുമാരന്‍ വൈദ്യന്‍ കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് 2.75 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. ഭൂമിയുടെ ഇഷ്ടദാനം മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കൈമാറി. തദ്ദേശസ്വയംഭരണ  മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ മന്ത്രി എ. നീലലോഹിതദാസന്‍ നാടാര്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സ്‌ക്യുട്ടീവ് ഓഫീസര്‍ യു.വി. ജോസ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പന്നിയോട് വാര്‍ഡിലെ കുളവ്പാറയില്‍ അമ്മയുടെ ഓര്‍മ്മക്കായി സ്ഥാപിച്ച ജാനകി മെമ്മോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ അദ്ദേഹം വാങ്ങിയ ഭൂമിയാണ് പൂവച്ചല്‍ ഗ്രാമപഞ്ചായത്തിന്റെ പേരില്‍ ഇഷ്ടദാനമായി കൈമാറിയത്. ഭൂമിക്ക് ഏകദേശം മൂന്ന് കോടിയോളം രൂപ വിലവരും.

പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 113 കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വീട് വയ്ക്കുന്നതിന് പഞ്ചായത്ത് വക 70 സെന്റ് ഭൂമി നേരത്തെ ലൈഫ് മിഷന് കൈമാറിയിരുന്നു. ഈ ഭൂമിയില്‍ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതര്‍ക്കുമുള്ള ഭവന സമുച്ചയ നിര്‍മ്മാണം സാധ്യമല്ലാതെ വന്നതിനാല്‍ ഗ്രാമപഞ്ചായത്ത് ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വന്തം അധ്വാനത്തിലൂടെ വിലയ്ക്ക് വാങ്ങിയ 2.75 ഏക്കര്‍ ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് വച്ചു നല്‍കുന്നതിന് പഞ്ചായത്തിന് സൗജന്യമായി നല്‍കാന്‍ തയ്യാറായത്. ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇദ്ദേഹം പന്നിയോട് ജംഗ്ഷനില്‍ ലക്ഷങ്ങള്‍ മുടക്കി കാത്തിരിപ്പ്‌കേന്ദ്രം, വായനശാല, ഗ്രന്ഥശാല എന്നിവയും ട്രസ്റ്റിന്റെ പേരില്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ടരേഖ: https://keralanews.gov.in/5339/SUkumaran-vaidyar-donate-land-for-life-mission-.html

Share
അഭിപ്രായം എഴുതാം