മണൽ ഓഡിറ്റിംഗ് പൂർത്തിയായി; മൈനിംഗ് പ്ലാൻ ഉടൻ: മന്ത്രി

എറണാകുളം: ജില്ലയിൽ മണൽ ഓഡിറ്റിംഗ് പൂർത്തിയായതായും മൈനിംഗ് പ്ലാൻ ഉടൻ തയാറാകുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ യുടെ സാന്നിധ്യത്തിൽ ചേർന്ന കളമശേരി മണ്ഡലത്തിൻ്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൈനിംഗ് പ്ലാൻ പൂർത്തിയായാൽ പാരിസ്ഥിതിക അനുമതിക്കായി സമർപ്പിക്കും. അനുമതി ലഭിച്ച ശേഷം മുവാറ്റുപുഴയാറിലെയും പെരിയാറിലെയും എക്കൽ നീക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 
ജില്ലയിലെ കാനകൾ, തോടുകൾ, പുഴയിലേക്കുള്ള കൈവഴികൾ എന്നിവയിലെ തടസങ്ങൾ നീക്കി പുഴയിലേക്ക് വെള്ളം ഒഴുകുന്നു എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾ നിറവേറ്റണമെന്ന് കളക്ടർ എസ്.സുഹാസ് യോഗത്തിൽ നിർദ്ദേശിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പെട്ടെന്ന് പൂർത്തിയാക്കുന്ന തിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടർ പറഞ്ഞു. 

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഓഞ്ഞിത്തോട് ആഴം കൂട്ടണമെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ് എം  എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു. കരിപ്പായിത്തോട് – പരുത്തേ ലിപ്പാടം ഉൾക്കൊള്ളുന്ന കളമശ്ശേരി നഗരസഭയിലെ കാനകൾ വൃത്തിയാക്കണം. ആലങ്ങാട് പഞ്ചായത്തിലെ കറുകത്തോട് – പൂന്തുരുത്തി എന്നിവ ആഴം കൂട്ടണം. ഇടപ്പള്ളി ടോൾ മുതൽ പരുത്തേലി പാലം വരെയുള്ള കാനകളും വി.പി.മരക്കാർ റോഡിലെ കാനകളും വൃത്തിയാക്കണം. പാനായിക്കുളം -തിരുവാല്ലൂർ ഭാഗവും ഇതിൽ ഉൾപ്പെടുത്തണം. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മുതൽ തുണ്ടത്തും കടവു വരെയും തടിക്കക്കടവ് മുതൽ പുറപ്പിള്ളി കാവ് റഗുലേറ്റർ കം ബ്രിഡ്ജ് വരെയും പെരിയാർ വൃത്തിയാക്കണം. ആലുവ പറവൂർ റൂട്ടിൽ മാളിയംപീടിക വെളിയത്തുനാട് , ചേർത്തനാട് , തിരുവാല്ലൂർ , കുന്നേൽ,  പാനായിക്കുളം പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തോടുകളിലെ ചെളി നീക്കി ആഴം കൂട്ടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

 ഏലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.പി.ഉഷ , പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കെ.വി.മാലതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/84185

Share
അഭിപ്രായം എഴുതാം